ഡൽഹി: മീഡിയ വണ്‍, ഏഷ്യാനെറ്റ് ചാനലുകളെ വിലക്കിയ നടപടി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം പിന്‍വലിച്ചു. രാവിലെ 9.30 മുതല്‍ മീഡിയ വൺ ചാനല്‍ സംപ്രേഷണം ആരംഭിച്ചു. 15 മണിക്കൂറിന് ശേഷമാണ് വിലക്ക് നീങ്ങിയത്. ഏഷ്യാനെറ്റ് ചാനലിനേയും വിലക്കിയിരുന്നെങ്കിലും അഞ്ചു മണിക്കൂറിന് ശേഷം ഏഷ്യാനെറ്റ് തിരിച്ചുവന്നിരുന്നു. എന്നാല്‍ മീഡിയാവണ്‍ അപ്പോഴും വിലക്ക് നേരിടുകയായിരുന്നു. 48 മണിക്കൂര്‍ നേരത്തേക്കായിരുന്നു വിലക്കിയിരുന്നത്.
വിലക്കിനെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നു. രാത്രി എല്ലാ രാഷ്ട്രീയ സംഘടനകളും തെരുവില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രമുഖ രാഷ്ട്രീയ-സാംസ്‌ക്കാരിക മേഖലകളിലുള്ളവരും വിലക്കിനെതിരെ വിമര്‍ശനവുമായെത്തുകയായിരുന്നു.
അതേ സമയം മാധ്യമവിലക്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്കയറിയിച്ചെന്നും മാധ്യമവിലക്കിനെ കുറിച്ച് അന്വേഷിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ തിരുത്തുമെന്നും പൂനെയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞിരുന്നു.