രണ്ട് പേർക്ക് കൂടി രോഗവിമുക്തി, 17 പേർക്ക് സ്ഥിരീകരണം; ബഹ്റൈനിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 77 ആയി

മനാമ: രണ്ട് പേർ പരിചരണത്തിലൂടെ രോഗവിമുക്തി നേടുകയും 17 പേർക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തതോടെ ബഹ്റൈനിൽ കൊറോണ വൈറസ് (കോവിഡ്- 19) ബാധിതരുടെ എണ്ണം 77 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 76 പേരുടേയും ആരോഗ്യനില തൃപ്തികരമാണ്. രോഗികളിൽ 75 പേരും ബഹ്റൈനിലെത്തും മുൻപേ രോഗബാധയേറ്റവരാണെന്നും മറ്റു രണ്ടു പേർ ബഹ്റൈനിലെത്തുമ്പോൾ ഇവരുമായി സമ്പർക്കം പുലർത്തിയതാണെന്നും മന്ത്രാലയം പുറത്തുവിട്ട വിവരങ്ങളിൽ പറയുന്നുണ്ട്. ബഹ്റൈനിൽ നിന്ന് ആർക്കും ഇതുവരെ രോഗം പകർന്നിട്ടില്ല.

ആകെ 6499 പേരെ പരിശോധനക്ക് വിധേയരാക്കിയതിൽ 6422 പേർക്കും രോഗബാധയേറ്റിട്ടില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ് ബാധയേറ്റവരിൽ 6 പേർ അസുഖം പൂർണമായും ഭേദമായി ആശുപത്രി വിട്ടിട്ടുണ്ട്.

കൊറോണയുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്ന വെബ്‌സൈറ്റിലൂടെയാണ് പുതിയ രോഗികളുടെ കാര്യം ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. കൊറോണ ബാധയേറ്റവരുടെ വിവരങ്ങള്‍, മുന്നറിയിപ്പുകള്‍, യാത്ര നിയന്ത്രണങ്ങള്‍ തുടങ്ങിയ എല്ലാ വിവരങ്ങളും പ്രസ്തുത വെബ്‌സൈറ്റില്‍ ലഭിക്കും. https://www.moh.gov.bh/COVID19 എന്നതാണ് വെബ്‌സൈറ്റ് വിലാസം. അറബിയെ കൂടാതെ ഇംഗ്ലീഷ്, ഹിന്ദി, ഉറുദു തുടങ്ങിയ ഭാഷകളിലും വെബ്‌സൈറ്റില്‍ വിവരങ്ങളുണ്ടാവും.

സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും പൊതു ഇടങ്ങളിൽ ഇടപഴകുമ്പോൾ പുലർത്തേണ്ട ജാഗ്രത സംബന്ധിച്ച് ലോകാരോഗ്യ സംഘടന നൽകുന്ന മുന്നറിയിപ്പുകൾ ജനങ്ങൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചിരുന്നു.