കേരളത്തില്‍ 5 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു; 3 രോഗബാധിതര്‍ എത്തിയത് ഇറ്റലിയില്‍ നിന്ന്, അതീവ ജാഗ്രതാ നിര്‍ദേശം

പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും കൊവിഡ് 19(കൊറോണ വൈറസ്) ബാധ സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്ന് സംസ്ഥാനത്തെത്തിയ മൂന്ന് പേര്‍ക്കും അവരുടെ ബന്ധുക്കളായ രണ്ട് പേര്‍ക്കുമാണ് വൈറസ്ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ആരോഗ്യമന്ത്രി കെ.കെ ശൈലജയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം നിലനില്‍ക്കുകയാണ്. ഇന്ത്യയില്‍ ആകെ വൈറസ് ബാധിച്ചവരുടെ എണ്ണം 34 ആയി ഉയര്‍ന്നു. ഇന്നലെ ഒമാനില്‍ നിന്ന് തമിഴ്‌നാട്ടിലെത്തിയ പ്രവാസിക്കും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

ആരോഗ്യ വകുപ്പിന്റ നേതൃത്വത്തില്‍ ഉന്നത ഉദ്യേഗസ്ഥരുടെയും പ്രതിനിധികളുടെയും അടിയന്തര യോഗം തിരുവനന്തപുരത്ത് നടന്നതിന് ശേഷമാണ് ആരോഗ്യമന്ത്രി കെ.കെ ശൈലജ മാധ്യമങ്ങളെ കണ്ടത്. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്താലും പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാണ് പരിഭ്രാന്തരാകേണ്ട സാഹചര്യമില്ല.

രോഗ ബാധയേറ്റവര്‍ ഫെബ്രുവരി 29 നാണ് ഇവര്‍ ഇറ്റലിയില്‍ നിന്ന് കേരളത്തിലെത്തിയത്. വിമാനത്താവളത്തില്‍ വെച്ച് ഇവര്‍ രോഗ പരിശോധനക്ക് വിധേയരായിരുന്നില്ല. കോവിഡ്-19 റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ നിര്‍ബന്ധമായും മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശം ഇവര്‍ പാലിച്ചില്ലെന്നും ആരോഗ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാണിച്ചു. രോഗബാധയേറ്റവര്‍ സന്ദര്‍ശിച്ച ബന്ധുവീട്ടിലെ രണ്ട് പേര്‍ക്ക് രോഗം ബാധയുണ്ടായിട്ടുണ്ട്.