കൊറോണ വൈറസ്; ബഹ്‌റൈന്‍ ഫോര്‍മുല വണ്‍ മത്സരത്തിന് ഇത്തവണ കാണികളുണ്ടാകില്ല

മനാമ: കൊറോണ വൈറസ് (കോവിഡ്-19) പശ്ചാത്തലത്തില്‍ ബഹ്‌റൈന്‍ ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തില്‍ നിന്ന് കാണികളെ ഒഴിവാക്കി. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ മാത്രമാകും സ്റ്റേഡിയത്തില്‍ ഉണ്ടാവുക. നേരത്തെ മത്സരം ഉപേക്ഷിക്കുമെന്ന് അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ മത്സരം മാറ്റിവെക്കേണ്ടതില്ലെന്നാണ് അധികൃതരുടെ തീരുമാനം. ബഹ്‌റൈനിലേക്ക് വിദേശ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ നിരവധി പേര്‍ ഫോര്‍മുല വണ്‍ മത്സരം കാണാനെത്താറുണ്ട്.

കൊറോണയുടെ പശ്ചാത്തലത്തില്‍ പൊതുപരിപാടികളില്‍ നേരത്തെ തന്നെ ബഹ്‌റൈന്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. വലിയ അന്താരാഷ്ട്ര പരിപാടികള്‍ വൈറസ് പടരുന്നതിന് ചിലപ്പോള്‍ കാരണമായേക്കുമെന്നതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. ലോകത്താകമാനം നടക്കുന്ന കായിക മത്സരങ്ങള്‍ കൊറോണയുടെ പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലാണ്.