അവകാശങ്ങള്‍ തിരിച്ചറിയാം തുല്യതയ്ക്ക് വേണ്ടി പോരാടാം; ബഹ്‌റൈനിലെ പ്രവാസി വനിതകളുടെ പ്രതികരണങ്ങള്‍

ഇന്ന് മാര്‍ച്ച് 8, ലോക വനിതാ ദിനം. പുരാതന കാലഘട്ടം മുതല്‍ ആധുനികതയുടെയും പുരോഗമനത്തിന്റെ മുഖമണിഞ്ഞ സമൂഹം വരെ സ്ത്രീകള്‍ക്ക് നേരെ അനീതിയുടെ വിരലുകള്‍ ചൂണ്ടിയിട്ടുണ്ട്. ചെറുത്തുനില്‍പ്പിന്റെയും നിരന്തരം പോരാട്ടത്തിന്റെയും നാളുകളിലൂടെ കടന്നുപോകുന്ന സ്ത്രീകളുടെ ആര്‍ജവത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ് അന്താരാഷ്ട്ര വനിതാ ദിനം. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായ ഒരു മികച്ച നാഴികക്കല്ലാണ് അന്താരാഷ്ട്ര വനിതാദിനാചരണം. ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തികം, രാഷ്ട്രീയം, തൊഴില്‍, കുടുംബം തുടങ്ങിയ മേഖലകളിലെ സ്ത്രീ മുന്നേറ്റത്തിന്റെ അടയാളമായി വനിതാ ദിനം നിലനില്‍ക്കുന്നു.

‘എല്ലാവര്‍ക്കും തുല്യത’ എന്നതാണ് ഇത്തവണത്തെ വനിതാ ദിന സന്ദേശം.1857 മാര്‍ച്ച് 8ന് ന്യൂയോര്‍ക്കില്‍ വനിതകള്‍ വനിതകള്‍ക്കായി നടത്തിയ അവകാശങ്ങള്‍ക്ക് വേണ്ടിയുളള പ്രക്ഷോഭത്തിന്റെ ഓര്‍മ പുതുക്കലാണീ ദിനം. കുറഞ്ഞ വേതനത്തിനെതിരെയും ദീര്‍ഘമായ തൊഴില്‍ സമയത്തിനെതിരെയും സ്ത്രീകള്‍ നടത്തിയ ആദ്യ സംഘടിത ചെറുത്തു നില്‍പ്പായിരുന്നു 1857ലെ സമരം. പ്രക്ഷോഭത്തിന്റെ ഓര്‍മ്മ ദിവസത്തെ അന്തര്‍ദേശീയ ദിനമാക്കി മാറ്റുകയെന്ന ആശയം മുന്നോട്ടുവെച്ചത് ക്ലാരാ സെറ്റ്കിന്‍ എന്ന ജര്‍മ്മന്‍ മാര്‍ക്‌സിസ്റ്റ് തത്വചിന്തകയാണ്. തുല്യ വേദനം എന്നത് ഇന്നും അപ്രാപ്യമായ നമ്മുടെ നാട്ടില്‍ സമത്വത്തിനു വേണ്ടി പോരാടുന്ന ഓരോരുത്തര്‍ക്കും ഊര്‍ജ്ജം പകരാനുള്ള ദിനം കൂടിയാവട്ടെ ഓരോ മാര്‍ച്ച് എട്ടും.

ബഹ്‌റൈന്‍ പ്രവാസ ലോകത്തെ വനിതകളുടെ പ്രതികരണങ്ങള്‍ വായിക്കാം;‘എല്ലാ അര്‍ത്ഥത്തിലും സ്ത്രീയില്‍ നിന്ന് ത്യാഗവും വിട്ടുവീഴ്ച്ചയും പ്രതീക്ഷിക്കുന്നതിനോട് യോജിക്കാനാവില്ല!’

രാജി ഉണ്ണികൃഷ്ണൻ (മാധ്യമ പ്രവർത്തക, ജിഡിഎൻ ബഹ്‌റൈന്‍)

‘ബഹുമാനവും സന്തോഷവും’ – അടുത്തിടെ കണ്ട ഒരു സിനിമയിലെ ഒരു സ്ത്രീ കഥാപാത്രം, ജീവിതത്തിലെ തന്റെ ലളിതമായ ആഗ്രഹങ്ങളായി ഇവ രണ്ടും ഉയർത്തിക്കാട്ടുന്നു. ഇത് അവളുടെ ഹൃദയത്തിൽ നിന്ന് നിഷ്കളങ്കവും നേരായതുമായ ഒരു സന്ദേശമാണ്. “വെറും ഒരു അടിയുടെ” അനുഭവത്തിലൂടെ അവൾ കടന്നുപോയതിനുശേഷം – ഓരോ സ്ത്രീക്കും, അത്തരം ഒരു അനുഭവത്തിലൂടെ കടന്നുപോയോ അല്ലാതെയോ, ഈ ഒരു അവസ്ഥയെ മനസ്സിലാക്കാൻ കഴിയുമെന്നാണ് ഞാൻ കരുതുന്നത്. എന്റെ അഭിപ്രായത്തിൽ, ഈ രണ്ട് വലിയ പദങ്ങളുടെ നിർവചനം പ്രശ്നമാണ്. ഒരു സാമൂഹിക കാഴ്ചപ്പാടിൽ, ആദ്യത്തെ ചിന്ത ഇതായിരിക്കും – മറ്റൊരാൾ ഈ വാക്കുകൾ എങ്ങനെ നിർവചിക്കും?

സന്തോഷവതിയാകാനും ബഹുമാനിക്കപ്പെടാനുമുള്ള ഒരു സ്ത്രീയുടെ ആഗ്രഹം – മറ്റൊരാൾ നിർവചിക്കേണ്ടതാണോ എന്നാണ് സമൂഹത്തോട് എനിക്ക് ഉന്നയിക്കാനുള്ള ചോദ്യം. സ്ത്രീകൾ എല്ലായ്പ്പോഴും വിട്ടുവീഴ്ചകൾ ചെയ്യുന്നുണ്ടെന്ന് ഞാൻ കരുതുന്നില്ല – പുരുഷന്മാരും ചെയ്യുന്നു – നാമെല്ലാവരും ചെയ്യുന്നു. അങ്ങനെയാണ് ജീവിതം സന്തുലിതാവസ്ഥ പ്രാപിക്കുന്നത്. എന്നാൽ എല്ലാ അർത്ഥത്തിലും, ഒരു സ്ത്രീ വിട്ടുവീഴ്ചകൾ ചെയ്യേണ്ടവൾ ആണെന്നും, ത്യാഗം അവളിൽ നിന്നും പ്രതീക്ഷിക്കേണ്ട ഒന്നാണെന്നും ഉള്ള വാദത്തോട് യോജിപ്പില്ല.

ഈ സന്ദേശം, ‘പെണ്മക്കളെ’ വേറൊരു ‘വീട്ടിലേക്കയക്കാൻ’ തയ്യാറാക്കുന്ന നമ്മുടെ സമൂഹത്തിലെ അമ്മമാർക്കും കൂടിയുള്ളതാണ്. ലോകം സ്ത്രീകൾക്ക് സമർപ്പിക്കുന്ന ഈ ദിവസം, ഇവിടെയുള്ള എല്ലാ അമ്മമാരോടും എന്റെ അഭ്യർത്ഥന ‘നമ്മുടെ പെൺമക്കളെ’ എവിടെയായിരുന്നാലും ആദരവോടും സ്നേഹത്തോടും ആത്മാഭിമാനത്തോടും കൂടി ജീവിതം നയിക്കാൻ പ്രാപ്തരാക്കണമെന്നാണ്. ഒരു അമ്മയിൽ കുറയാത്ത എല്ലാ അമ്മായിയമ്മമാരോടും ഞാൻ എന്റെ അഭ്യർത്ഥന ആവർത്തിക്കുന്നു. ഓരോ സ്ത്രീയോടും ഈ ആദരവ് പ്രകടിപ്പിക്കാനും അവളുടെ സന്തോഷത്തിന് കാരണമാവാനും ഉതകുന്ന രീതിയിൽ നമ്മുടെ ആൺമക്കളെയും വളർത്തേണ്ടതുണ്ട്.

പുരുഷന്മാരേ, നിങ്ങൾക്കത് ചെയ്യാൻ കഴിയും – ഇത് റോക്കറ്റ് സയൻസല്ല, എണ്ണമറ്റ “തമാശകളിൽ” അവകാശപ്പെടുന്നതുപോലെ സ്ത്രീകൾ പ്രഹേളികയല്ല – നിങ്ങൾക്ക് സംവദിക്കാം, സംവദിക്കണം. എല്ലാ സ്ത്രീകൾക്കും വനിതാ ദിനാശംസകൾ, ഒപ്പം അവരെ ചേർത്ത് നിർത്തുന്ന പുരുഷന്മാർക്ക് ഭാവുകങ്ങളും.


 

‘നമ്മളിപ്പോഴും സീറ്റൊഴിച്ചിട്ടും, സ്ത്രീ സ്വാതന്ത്ര്യം ഉറക്കെ പ്രസംഗിച്ചും കര്‍ത്തവ്യനിര്‍വഹണം തുടരുന്നു!’

ഷേര്‍ളി സലിം (അധ്യാപിക, ഇന്ത്യന്‍ സ്‌കൂള്‍ ബഹ്‌റൈന്‍)

വീട്ടില്‍, നാട്ടില്‍, സമൂഹത്തില്‍ സ്ത്രീ ജീവിതങ്ങള്‍ മെച്ചപ്പെടുത്താന്‍ പല പ്രസ്ഥാനങ്ങളും വ്യക്തികളും പ്രവര്‍ത്തിക്കുന്നുണ്ട്. സ്ത്രീ ശാക്തീകരണത്തിനായി പലവിധ സംവിധാനങ്ങളും സര്‍ക്കാര്‍ തലത്തിലും അല്ലാതെയും നിലവിലുണ്ട്. ഇതെല്ലാം ഏതളവില്‍ സ്ത്രീജീവിതത്തെ സ്വാധീനിച്ചു എന്നതാണ് പരിശോധിക്കേണ്ടത്. അവ ഒരു പ്രയോജനവും ഇല്ലാത്തവയാണെന്ന് പറയാന്‍ കഴിയില്ല, വിദ്യാഭ്യാസരംഗത്ത് സ്ത്രീ, എടുത്തുപറയത്തക്ക പുരോഗതി പ്രാപിച്ചിരിക്കുന്നു. മറ്റൊരു രംഗത്തും പുരുഷന്‍മാരെപ്പോലെ പ്രാപ്തരാകാന്‍ സ്ത്രീകള്‍ക്ക് കഴിയാത്തതെന്തുകൊണ്ട് എന്ന് വിശകലനം ചെയ്യേണ്ട കാലം എന്നോ കഴിഞ്ഞിട്ടും, നമ്മളിപ്പോഴും സ്ത്രീക്കുവേണ്ടി സീറ്റൊഴിച്ചിട്ടും, മൈക്കിലൂടെ സ്ത്രീ സ്വാതന്ത്ര്യം ഉറക്കെ പ്രസംഗിച്ചും കര്‍ത്തവ്യനിര്‍വഹണം തുടരുന്നു !

സ്ത്രീശാക്തീകരണത്തിനായി ഉണ്ടാക്കിയിട്ടുള്ള നിയമങ്ങള്‍ നാമമാത്രമാക്കാതെ, അവ പ്രാബല്യത്തിലെത്തിച്ച് സ്ത്രീകള്‍ക്ക് പ്രാപ്യമാക്കുകയാണ് വേണ്ടത്. ‘സ്ത്രീസ്വാതന്ത്ര്യം, സ്ത്രീസംവരണം ‘ എന്നൊന്നും എടുത്തു പറയാതെ തന്നെ എല്ലാ മേഖലകളിലും സ്ത്രീ എത്തിച്ചേരുന്ന ഒരുനാള്‍ വരണം. മാതൃദിനംപോലെ, അധ്യാപകദിനം പോലെ വനിതാദിനവും ആചരിക്കാന്‍ കഴിയണം.


 

‘സ്ത്രീകൾ സുരക്ഷിതരല്ലാത്ത ലോകത്തെ വനിതാ ദിനാഘോഷങ്ങൾ’

രജിത അനി (മലയാളം മിഷൻ അംഗം, ബഹ്റൈൻ)

”എല്ലാവർക്കും തുല്യനീതി” എന്ന ആശയവുമായി ഒരു വനിതാ ദിനം കൂടി എത്തുന്നു. ലിംഗസമത്വം കൈവരിക്കണമെങ്കിൽ ഒരു നൂറ്റാണ്ടുകൂടി കാത്തിരിക്കണമെന്ന ലോക സാമ്പത്തിക ഫോറത്തിൻ്റെ റിപ്പോർട്ടിനു പിന്നാലെയാണ് ഒരുപാട് പ്രതീക്ഷകളും പ്രതിജ്ഞകളുമായി ഈ ദിനമെത്തുന്നത്. വനിതാ ദിനമൊക്കെ ആഘോഷമാക്കുമ്പോഴും അഭ്യന്തര വളർച്ചാ നിരക്കിൽ വനിതകളുടെ സംഭാവനകളെക്കുറിച്ച് വാഴ്ത്തിപ്പാടുമ്പോഴും ചില കാര്യങ്ങൾ നാം മറന്നുപോകാറുണ്ട്.

“ഒരു ദേശത്തിൻ്റെ പുരോഗതി സ്ത്രീയിലുടെയാണ് ” എന്ന് നമ്മുടെ രാഷട്ര പിതാവായ മഹാത്മ ഗാന്ധി പറഞ്ഞിട്ടുണ്ട്. അതു കൊണ്ടു തന്നെ സ്ത്രികൾക്ക് ഉയർന്ന വിദ്യാഭ്യാസവും തൊഴിൽ അവസരങ്ങളും നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഭരണഘടനാപരമായ അവകാശങ്ങൾ ഇന്ന് സ്ത്രീക്ക് ലഭിക്കുന്നുണ്ടോയെന്നുള്ളതാണ് പരിശോധിക്കേണ്ട വസ്തുത. സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ രാജ്യം ഏറെ പിന്നോക്കം പോയിരിക്കുകയാണ്. ലോക ഇക്കണോമിക്സ് ഫോറത്തിൻ്റെ ഏറ്റവും പുതിയ കണക്കനുസരിച്ച് ലിംഗസമത്വത്തിൽ നാം 139-ാം സ്ഥാനത്താണ്. തൊഴിലിടത്തിലെ പീഡനങ്ങളും വേ​തന വ്യത്യാസവും ചൂഷണങ്ങളും വർദ്ധിക്കുന്നു.

രേഖകൾ പരിശോധിച്ചാൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ പതിന്മടങ്ങ് വർദ്ധിക്കുന്നതായി വ്യക്തമാകുന്നു. പിഞ്ചു കുഞ്ഞു മുതൽ വൃദ്ധർ വരെയുള്ള നമ്മുടെ സ്ത്രീ സമൂഹം സുരക്ഷിതരല്ലാത്ത ഒരു വർത്തമാനകാല യഥാർഥ്യത്തിലുടെയാണ് നമ്മൾ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തിയുള്ളതും തെറ്റുകണ്ടാൽ പ്രതികരിക്കാൻ ശേഷിയുമുള്ള ഒരു സ്ത്രീ സമൂഹമായിരിക്കണം ഭാവിയെ നയിക്കേണ്ടത്. “സ്ത്രീകള്‍ കൈവരിക്കുന്ന വളര്‍ച്ചയുടെ അടിസ്ഥാനത്തില്‍ സമൂഹത്തിൻ്റെ വളര്‍ച്ച അളക്കാം” എന്ന അംബേദ്കറിന്റെ രാഷ്ട്രീയ കാഴ്ച്ചപ്പാടുമായി കൂട്ടിച്ചേർത്ത് ഇക്കാര്യങ്ങളെ വായിക്കാവുന്നതാണ്.

തുല്യത കൈവരിക്കാൻ കാത്തിരിക്കണം എങ്കിലും തങ്ങളെ അകറ്റി നിറുത്തിയിരുന്ന പല മേഖലകളിലും ആധിപത്യം സ്ഥാപിക്കാൻ സ്ത്രീകൾക്ക് കഴിഞ്ഞു എന്നത് അഭിമാനാർഹമായ കാര്യമാണ്. സ്ത്രീകൾക്ക് സ്വന്തം ജീവിതത്തെക്കുറിച്ച് തീരുമാനമെടുക്കാനും അതനുസരിച്ച് പ്രവർത്തിക്കാനുമുള്ള കഴിവും അവസരവും സൃഷ്ടിക്കുക എന്നതാണ് സ്ത്രീ ശാക്തീകരണം എന്നതിൻ്റെ പരമമായ ലക്ഷ്യം.


‘ഭാവിയുടെ ചരിത്രം വനികളുടേതാവും’

ജയ രവികമാർ (ബഹ്റൈൻ കേരളീയ സമാജം വനിതാ വേദി അധ്യക്ഷ)

മാർച്ച്‌ 8 അന്താരാഷ്ട്ര വനിതാ ദിനം. വനിതകൾക്ക് പ്രാധാന്യം ഉള്ള ഒരു ദിവസം. കുഞ്ഞായി, ചേച്ചിയായി, അമ്മയായി, അമ്മുമ്മയായി മാത്രം കുടുംബങ്ങളിൽ സ്ത്രീകൾ ഒതുങ്ങി നിന്നിരുന്ന ഒരു കാലഘട്ടം നമുക്ക് പിന്നിലുണ്ട്. എന്നാൽ ക്ലേശപൂർണമായ അത്തരം സാഹചര്യങ്ങളിൽ പോലും സ്ത്രീകൾ പല മേഖലകളിലും ചരിത്രം കുറിച്ചിട്ടുണ്ട്. ആ പോരാട്ടത്തിന്റെ തുടർച്ചയാണ് ഇന്ന് നാം ഒരോരുത്തരും നാളെ നമ്മുടെ പെൺമക്കളും നേടിയെടുത്തതും നേടിയെടുക്കാൻ പോകുന്നതുമായ ഉന്നത സ്ഥാനങ്ങൾ.

സ്ത്രീയെന്നത് അതിർവരമ്പായി മാറ്റാൻ ശ്രമിക്കുന്നവർക്ക് മുന്നിലൂടെയാണ് നാം നേട്ടങ്ങളിലേക്ക് കുതിക്കുന്നത്. ഭാവിയുടെ ചരിത്രം സ്ത്രീകൾക്ക് അവകാശപ്പെട്ടതായിരിക്കും. നാം ജീവിക്കുന്ന ചുറ്റുപാടിൽ നമുക്ക് മാത്രമായി ഒരു പാത എന്നതിനപ്പുറം എവിടെയും എപ്പോഴും പ്രവർത്തിക്കാൻ എനിക്ക് കഴിയും എന്ന തീരുമാനം എടുത്തു കൊണ്ട് മനഃസാന്നിധ്യത്തോടെ സമൂഹത്തിലേക്ക് ഇറങ്ങുന്ന ഏതൊരു വനിതക്കും വിജയം കൈകളിൽ ഉറപ്പിക്കാൻ കഴിയും. അത് തെളിയിക്കപ്പെട്ടിട്ടുള്ള ഒരു കാലഘട്ടത്തിലൂടെ ആണു നാം യാത്ര ചെയ്യുന്നത്. ഒരു വനിത എന്ന നിലക്ക് എനിക്ക് നിങ്ങളോട് പറയാൻ ഉള്ളത് സ്ത്രീകളെയും കുട്ടികളെയും ശാക്തീകരിക്കുക. അവരെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കുകയെന്നതാണ്. ബഹ്‌റൈനിലെ എല്ലാ മലയാളി സഹോദരിമാർക്കും വനിതാദിനാശംസകൾ നേർന്നു കൊള്ളുന്നു. നമുക്ക് ഒന്നിച്ചു ചേരാം തുല്യതക്കായി.


 

‘കുടുംബ ഉത്തരവാദിത്വത്തിന്റെ പേരിൽ വീടുകളിൽ തളക്കപ്പെടുന്ന പെൺകുട്ടികൾ ഇന്നും നമുക്കിടയിലുണ്ട്’

മോഹിനി തോമസ് (ബികെഎസ് വനിതാ വേദി മുൻ അദ്ധ്യക്ഷ)

മറ്റൊരു വനിതാ ദിനം കൂടി. പുരുഷ വര്‍ഗ്ഗം മുഴുവന്‍ സ്ത്രീയെ നിരാലംബരായി കണ്ട് ചവിട്ടി താഴ്ത്തുന്നു എന്ന ചിന്തയില്‍ പുരുഷന് എതിരായ പ്രതിഷേധ സ്വരങ്ങള്‍ മാത്രമായി പല വേദികളും മാറാറുണ്ട്. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ സ്വയംപര്യാപ്തതയുടെ ഇടങ്ങളിലേക്ക് നാം മാറേണ്ടിയിരിക്കുന്നു. പീഡനങ്ങളും അവഗണനകളും ഉണ്ടായിരിക്കെ തന്നെ അതിനെയെല്ലാം അതിജീവിച്ച് പിന്നാമ്പുറങ്ങളില്‍ മുഖ്യധാരയിലേക്ക് സ്ത്രീകള്‍ വന്നു കൊണ്ടിരിക്കുന്നു. എന്നിരുന്നാലും സ്വന്തം സുഖത്തിനു വേണ്ടി കുടുംബത്തെയും മക്കളെയും തള്ളി പറയുകയും നരഹത്യ ചെയ്യുകയും ചെയ്യുന്ന സ്ത്രീകളുടെ എണ്ണവും കൂടി വരുന്നത് ആശങ്കാജനകമാണ്.

സ്വയമേ തിരിച്ചറിയേണ്ടതും, വിശകലനം ചെയ്യേണ്ടതും ആയ ദിവസമായി ഈ വനിതാ ദിനം മാറട്ടേയെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. സംസ്കാരം ഉള്ള പുരുഷന്‍ സ്ത്രീയുടെ തുല്യത തിരിച്ചറിയുന്നു. മുലകുടിക്കുന്ന പ്രായത്തില്‍ ലഭിച്ചു തുടങ്ങേണ്ടതാണ് ഈ സംസ്കാരം. അച്ഛന്‍ അമ്മയെ സ്നേഹിച്ചു ബഹുമാനിക്കുന്നത് മക്കള്‍ മനസ്സിലാക്കണം.

ഈ അടുത്തിടെ സ്വന്തം മക്കളുടെ വിവാഹ വിഡിയോയില്‍ നിന്ന്‍ ഫോട്ടോ എടുത്ത് അശ്ലീല തലക്കെട്ട് കൊടുത്ത് അപമാനിക്കപെട്ട ഒരു അമ്മയുടെ കണ്ണുനീര്‍ പലരും കണ്ടു കാണുമല്ലോ. ഒരു അമ്മയുടെ ഏറ്റവും അനുഗ്രഹിക്കപെട്ട നിമിഷത്തെയാണ് ഇത്തരത്തിൽ വൈകൃതമാക്കിയത്. കുടുംബ ബന്ധങ്ങള്‍ വളരെ പവിത്രമായി കാണുന്ന നമ്മുടെ രാജ്യത്ത് അത് ഷെയര്‍ ചെയ്യുകയും വൃത്തികെട്ട കമന്റ് ഇട്ട് ആഘോഷിക്കയും ചെയ്യുന്ന ഒരു മലയാളി പുരുഷ സംസ്കാരം വളര്‍ന്നു വരുന്നു എന്നത് വേദനിപ്പിക്കുന്നതാണ്. സമൂഹ മാധ്യമങ്ങളിൽ സ്ത്രീകളെ മോശക്കാരായി കാണുകയും അപകീര്‍ത്തി പെടുത്തുകയും ചെയ്യുന്ന ഒരു വിഭാഗം സദാചാര ഞരമ്പുരോഗികള്‍ സമൂഹത്തില്‍ ഉണ്ട്. ഈ വനിത ദിനത്തില്‍ ശുദ്ധീകരണം നടത്തേണ്ടത് ഇതു പോലെയുള്ള മേഖലകളില്‍ കൂടിയാണ്. ഒരു സ്ത്രീ തന്നെ സ്ത്രീയേ അപമാനിക്കുന്നത് മനസിലാക്കാതെ കൂട്ടുനിൽക്കുന്നത് സ്വയം മുഖത്തു തുപ്പുകയാണ് എന്ന് പല സ്ത്രീകളും മനസ്സിലാക്കാറില്ല. സാമൂഹിക, സാമ്പത്തിക മേഖലകളിൽ സ്ത്രീകൾ മുന്നോട്ട് എത്തിയിട്ടുണ്ടങ്കിലും, കുടുംബ ഉത്തരവാദിത്വത്തിന്റെ പേരിൽ വീടുകളിൽ തളക്കപ്പെടുന്ന പെൺ കുട്ടികൾ ഇന്നും ഉണ്ട്‌. കുടുംബ ഉത്തരവാദിത്തങ്ങളും, ഔദ്യോഗിക ഉത്തരവാദിത്വങ്ങളും തുല്യമായി പരാതികൾക്ക് ഇടകൊടുക്കാതെ ചെയ്യാൻ കഴിയുന്നതാണ് സ്ത്രീ സൃഷ്ടി എന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു.

നിശബ്ദരാക്കപ്പെടുമ്പോള്‍ മാത്രമാണ് ശബ്ദങ്ങളുടെ പ്രാധാന്യം നമ്മള്‍ തിരിച്ചറിയുന്നത്. മലാല യുസഫ് സായിയുടെ വാക്കുകള്‍ പ്രചോദനം ആകട്ടെ. സ്നേഹത്തിനും, ഐക്യത്തിനും സ്ത്രീ ശബ്ദം ഉയരട്ടെ. ഏവർക്കും വനിതാ ദിനാശംസകൾ.


 

‘മനുഷ്യർ’ എന്ന് മാത്രം തിരിച്ചറിയുന്ന, സ്നേഹവും സഹവർത്തിത്തവും സമാധാനവും നിലനിൽക്കുന്ന ലോകമുണ്ടാവട്ടെ’

ഷെമിലി പി ജോൺ (എഴുത്തുകാരി, അധ്യാപിക, സാമൂഹിക പ്രവർത്തക)

വനിതാ ദിനം.! അടിച്ചമർത്തപ്പെട്ട കാലങ്ങളിൽ നിന്നും വളരെ അനിവാര്യമായ മാറ്റങ്ങൾ പിന്നിട്ടു നമ്മൾ ഇന്നിവിടെ വരെ എത്തി നിൽക്കുന്നു. ഇനിയും പോകാനുണ്ട് ഏറേ ദൂരം, തുല്യതയോടെ ഏവരും ചേർന്ന് നിൽക്കുന്ന, ഒരു പക്ഷെ പ്രത്യേകമായി ആഘോഷിക്കേണ്ട ദിനമല്ലാതായി മാറുന്ന കാലം വരെ എന്നതൊരു പ്രതീക്ഷയാണ്.

അടിച്ചമർത്തപ്പെട്ട സ്ത്രീ സമൂഹത്തിനായി ഒരു ദിനം 1960 ഓടെ മാത്രം തുടങ്ങി, ഇന്ന് 2020ൽ എത്തി നിൽക്കുമ്പോൾ ഉണ്ടാക്കിയ മാറ്റങ്ങളാണ് ഈ ദിവസത്തിൻ്റെ പ്രസക്തി വിളിച്ചോതുന്നത്. ഒപ്പം തന്നെ ഈ ദിനത്തിൽ സ്ത്രീകളുടെ ശാക്തീകരണത്തിനും ഒരുമയ്ക്കും തുല്യതക്കുമായി പരസ്പര ബഹുമാനത്തോടെ ചേർന്ന് നിൽക്കുന്ന പുരുഷ സമൂഹത്തെയും കാണാതെ പോകരുത്. ‘മനുഷ്യർ’ എന്ന് മാത്രം തിരിച്ചറിയുന്ന, സ്നേഹവും സഹവർത്തിത്തവും സമാധാനവും നില നിൽക്കുന്ന ഒരു ലോകത്തിനായി കാത്തിരിക്കുന്ന ഏവർക്കും ഈ ദിനം പ്രിയപ്പെട്ടതാണ്. കഴിഞ്ഞു പോയ കാലങ്ങളിൽ നിന്നും ഇന്നിലേക്ക് ഉണ്ടായ മാറ്റം അഭിമാനത്തിന് വക നൽകുന്നു.

വളർന്നു വരുന്ന നമ്മുടെ പുതു തലമുറ, ഇത്തരം വിവേചനങ്ങൾക്കെതിരെ ശബ്ദിക്കുന്നതും പൊതുസമൂഹത്തിൽ ഇടപെടുന്നതും കാണുമ്പോൾ ഏറെ സന്തോഷമാണ്. ഒട്ടനവധി സ്ത്രീകൾ ഇന്നും ദുരിതത്തിന്റെ നടുവിലാണ് എന്നുള്ള സത്യം ഓർക്കാതെയല്ല, കുറെ മാറ്റങ്ങൾ വന്നല്ലോ എന്ന ആശ്വാസമാണ് മുന്നിൽ ഇപ്പോൾ.

ഇന്നിന്റെ ആവശ്യകത ഇത് മാത്രം, കുഞ്ഞുങ്ങളെ ലിംഗവിവേചനത്തോടെ കാണാതിരിക്കുക ! ഒന്നിന്റെ മുൻപിലും തലകുനിക്കാത്ത സ്ത്രീകൾ, എന്ത് തെറ്റിനെയും ചോദ്യം ചെയ്യാനുള്ള ആർജവവും ഉള്ള നമ്മുടെ ഈ സ്ത്രീ സമൂഹം, സ്വയം തിരിച്ചറിയേണ്ട ഒരായിരം കഴിവുകൾ, മുന്നോട്ടിറങ്ങി വന്നു സമൂഹ നന്മക്കുവേണ്ടി നിലകൊള്ളുന്ന വനിതകൾ. ഇതിനിയും ഉയരട്ടെ.

പരസ്പര ബഹുമാനത്തോടെ, സഹജീവി സ്നേഹത്തോടെ പൊതു സമൂഹത്തിൽ ഇടപഴകാൻ നമ്മുടെ ആൺകുഞ്ഞുങ്ങളെയും, സഹോദരന്മാരെയും പ്രാപ്‌തരാക്കുന്നതിനുള്ള പ്രചോദനം കൂടിയാവട്ടെ ഈ ദിനം എന്നാശംസിക്കുന്നു.