മനാമ: നാല് പേർക്ക് കൂടി അസുഖം ഭേദമായതോടെ ബഹ്റൈനിൽ കൊറോണ (കോവിഡ്- 19) രോഗികളുടെ എണ്ണം 79 ൽ നിന്നും 75 ആയി കുറഞ്ഞു. ഇതോടെ വൈറസ് ബാധയിൽ നിന്നും 10 പേർ പൂർണ രോഗവിമുക്തരായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 74 പേരുടേയും ആരോഗ്യനില തൃപ്തികരമാണ്. ഇതുവരെ 7131 പേരെ പരിശോധനക്ക് വിധേയമാക്കിയതിൽ 7056 പേർക്കും വൈറസ് ബാധയേറ്റിട്ടില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിലുള്ള രോഗികളിൽ 71 പേർ നേരിട്ട് രോഗബാധിതരായി ബഹ്റൈനിലെത്തിയവരും മറ്റ് നാല് പേർ ബഹ്റൈനിലെത്തും മുൻപ് രോഗികളുമായി സമ്പർക്കം പുലർത്തിയവരുമാണ്.
ബഹ്‌റൈനില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന കൊറോണാ കേസുകളെല്ലാം പുറംനാട്ടില്‍ നിന്നും എത്തിയവരിലാണെന്ന് ടാസ്‌ക് ഫോഴ്‌സ് തലവന്‍ ഡോ. മനാഫ് ഖഹ്ത്വാനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബഹ്‌റൈനില്‍ നിന്ന് രോഗം പടര്‍ന്ന കേസുകളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റിപ്പോര്‍ട്ട് ചെയ്ത കേസുകളെല്ലാം വിമാനത്താവളങ്ങളിലോ രാജ്യാതിര്‍ത്തിയിലോ നടത്തിയ പരിശോധനയിലൂടെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ ബഹ്‌റൈന്‍ നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന രംഗത്ത് വന്നിരുന്നു. മറ്റു രാജ്യങ്ങള്‍ക്ക് മാതൃകയാവുന്ന പ്രവര്‍ത്തനമാണ് ബഹ്‌റൈന്റെതെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു.
കൊറോണയുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്ന വെബ്‌സൈറ്റിലൂടെയാണ് പുതിയ രോഗികളുടെ കാര്യം ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. കൊറോണ ബാധയേറ്റവരുടെ വിവരങ്ങള്‍, മുന്നറിയിപ്പുകള്‍, യാത്ര നിയന്ത്രണങ്ങള്‍ തുടങ്ങിയ എല്ലാ വിവരങ്ങളും പ്രസ്തുത വെബ്‌സൈറ്റില്‍ ലഭിക്കും. https://www.moh.gov.bh/COVID19 എന്നതാണ് വെബ്‌സൈറ്റ് വിലാസം. അറബിയെ കൂടാതെ ഇംഗ്ലീഷ്, ഹിന്ദി, ഉറുദു തുടങ്ങിയ ഭാഷകളിലും വെബ്‌സൈറ്റില്‍ വിവരങ്ങളുണ്ടാവും.