മനാമ: ബഹ്‌റൈനിലെ കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ടുപോകുന്നതായി നാഷണല്‍ ടാസ്‌ക് ഫോഴ്‌സ് അംഗം ഡോ. മനാഫ് അല്‍ ഖഹ്ത്വാനി. കൊറോണയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
14 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടുണ്ട്. നിരീക്ഷണങ്ങള്‍ക്കായി പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ചിരുന്നു. നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 68 പേര്‍ ആശുപത്രി വിട്ടിട്ടുണ്ട്. ഇവരുടെ കോവിഡ്-19 പരിശോധനാഫലം നെഗറ്റീവ് ആയതിന് പിന്നാലെയാണ് നടപടി. പുറത്തുനിന്ന് ബഹ്‌റൈനില്‍ രോഗ ബാധിതരായി എത്തിയവരുമായി സംമ്പര്‍ക്കം പുലര്‍ത്തിയ 4 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് ഏതാണ്ട് 7131 പേരുടെ വൈദ്യ പരിശോധന പൂര്‍ത്തിയായി.
ഇന്നലെ വൈകിട്ട് വരെ രോഗം സ്ഥിരീകരിച്ച 79ല്‍ 75 പേരും ഇതര രാജ്യങ്ങളില്‍ നിന്ന് രോഗബാധിതരായി ബഹ്‌റൈനിലെത്തിയവരാണ്. സ്ഥിതിഗതികള്‍ നിയന്തണ വിധേയമായി തുടരുകയാണെന്നും ടാസ്‌ക് ഫോഴ്‌സ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഇറാനില്‍ നിന്ന് ഫെബ്രുവരി മാസം രാജ്യത്ത് എത്തിയവര്‍ പരിശോധനകള്‍ പൂര്‍ത്തിയാകുന്നത് വരെ മറ്റുള്ളവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
ഇന്നലെ രാത്രിയോടെ 8 പേർ കൂടി രോഗവിമുക്തരായതോടെ ബഹ്റൈനിലെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 71 ആയി കുറഞ്ഞിരുന്നു.
www.moh.gov.bh/444 എന്ന് വെബ്‌സൈറ്റിലൂടെ മെഡിക്കല്‍ പരിശോധനയ്ക്കായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. 444 എന്ന് ഹോട്‌ലൈന്‍ നമ്പറിലൂടെയും മെഡിക്കല്‍ പരിശോധന സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കും. നേരത്തെ പരിശോധനകള്‍ക്കായി മൊബൈല്‍ യൂണിറ്റുകളും പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.