റിയാദ്: നാളെ (2020 മാര്‍ച്ച് 15) മുതല്‍ എല്ലാ അന്താരാഷ്ട്ര വിമാന സര്‍വീസുകളും നിര്‍ത്തിവെക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പ്. കൊറോണ പടരുന്നു പിടിക്കുന്ന സാഹചര്യത്തില്‍ മുഴുവന്‍ അന്താരാഷ്ട്ര സര്‍വീസുകളും നിര്‍ത്തിവെക്കാനാണ് സൗദി അറേബ്യന്‍ ഭരണകൂടത്തിന്റെ നീക്കം. അതേസമയം സൗദി പൗരന്മാരെ രാജ്യത്ത് തിരികെയെത്തിക്കാനുള്ള പ്രത്യേക വിമാന സര്‍വീസുകള്‍ ഉണ്ടാകും.
ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഇന്ന് തന്നെ സൗദി വിടാനുള്ള നീക്കങ്ങള്‍ നടത്തുന്നത്. വിവിധ വിമാനക്കമ്പനികള്‍ അടിയന്തര സാഹചര്യം കണക്കിലെടുത്ത് കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നുണ്ട്.
നേരത്തെ അനിശ്ചിത കാലത്തേക്ക് അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് നിയന്ത്രണമുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം രണ്ടാഴ്ച്ച മാത്രമായിരിക്കും നിയന്ത്രണമുണ്ടാവുക. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ജാഗ്രത പാലിക്കണമെന്നും സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.