ഷാർജ: ഏഷ്യ കപ്പ് ഫുട്ബോളിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ബഹ്‌റിനോട് തോറ്റ് ഇന്ത്യ പുറത്തായി. കളിയുടെ അവസാന നിമിഷം വരെ പൊരുതിനിന്ന ഇന്ത്യയെ ഇൻജുറി ടൈമിൽ പെനൽറ്റിയിൽനിന്നു നേടിയ ഗോളിലാണ് ബഹ്റൈൻ മറികടന്നത്.
ബഹ്റൈന് വേണ്ടി ജമാൽ റഷീദ് വിജയഗോൾ നേടി. അവസാന മിനിറ്റിൽ ക്യാപ്റ്റൻ പ്രണോയ് ഹാൾദർ വഴങ്ങിയ പെനൽറ്റിയാണ് വിനയായത്. അവസാന നിമിഷം വരെ പ്രതോരോധത്തിലൂന്നിയ മത്സരമായിരുന്നു ഇന്ത്യ കാഴ്ചവച്ചത്. വിജയത്തോടെ ബഹ്‌റൈൻ രണ്ടാം റൗണ്ടിലേക്ക് കടന്നു.
ഇതോടെ മൂന്നു മൽസരങ്ങളിൽനിന്ന് തായ്‌ലൻഡിനെതിരായ വിജയത്തിൽനിന്നു ലഭിച്ച മൂന്നു പോയിന്റുമായി ഗ്രൂപ്പ് എയിൽ ഇന്ത്യ അവസാന സ്ഥാനത്തായി. ഇതേസമയത്തു നടന്ന രണ്ടാം മൽസരത്തിൽ യുഎഇയെ സമനിലയിൽ തളച്ച തായ്‌ലൻഡ് ഗ്രൂപ്പിൽ മൂന്നാമതെത്തി. ഒരു ജയവും രണ്ടു സമനിലയും ഉൾപ്പെടെ അഞ്ചു പോയിന്റുമായി യുഎഇയാണ് ഗ്രൂപ്പിൽ ഒന്നാമത്. ഒരു ജയവും സമനിലയും ഉൾപ്പെടെ നാലു പോയിന്റുമായി ബഹ്റൈൻ രണ്ടാം സ്ഥാനത്തെത്തി. തായ്‌ലൻഡിനും നാലു പോയിന്റുണ്ടെങ്കിലും ഗോൾശരാശരിയിൽ പിന്നിലായതാണ് തിരിച്ചടിയായത്. മികച്ച മൂന്നാം സ്ഥാനക്കാർക്കും പ്രീക്വാർട്ടറിൽ പ്രവേശനമുണ്ടെന്നിരിക്കെ അവരുടെയും വഴി അടഞ്ഞിട്ടില്ല.