മനാമ: കോവിഡ് -19നെതിരായ പ്രതിരോധ നടപടികളുടെ ഭാഗമായി ബഹ്‌റൈനിലേക്കുള്ള വിമാനങ്ങള്‍ വെട്ടിച്ചുരുക്കുന്നു. സിവില്‍ ഏവിയേഷന്‍ അഫയേഴ്‌സ് (സി.എ.എ) ആണ് നിര്‍ണായക തീരുമാനം അറിയിച്ചിരിക്കുന്നത്. ഓണ്‍ അറൈവല്‍ വിസയും നിര്‍ത്തിവെക്കുമെന്ന് നാഷണാലിറ്റി, പാസ്‌പോര്‍ട്ട് ആന്റ് റസിഡന്‍സ് അഫയേഴ്‌സ് (എന്‍.പി.ആര്‍.) അറിയിച്ചു. ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണി മുതല്‍ പുതിയ തീരുമാനം പ്രാബല്യത്തില്‍ വരും.
കൊറോണയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി എല്ലാ ഗള്‍ഫ് രാജ്യങ്ങളും ശക്തമായ നീക്കങ്ങളിലേക്ക് കടന്നിരിക്കുകയാണ്. സൗദി അറേബ്യ നേരത്തെ അന്താരാഷട്ര വിമാന സര്‍വീസുകള്‍ക്ക് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയിരുന്നു. രാജ്യത്തെ എല്ലാ പ്രവേശന കവാടങ്ങളിലും വിസ ഓണ്‍ അറൈവല്‍ നിര്‍ത്തലാക്കാനാണ് എന്‍.പി.ആര്‍.എ ന്റെ തീരുമാനം. പൗരന്മാരുടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടിയാണ് പുതിയ നിയന്ത്രണങ്ങളെന്ന് അധികൃതര്‍ വ്യക്തമാക്കി.
നേരത്തെ ബഹ്റൈനിലെത്തിയ രോഗബാധിതരും കഴിഞ്ഞ ദിവസം പ്രത്യേക വിമാനത്തിലെത്തിവരും ഉള്‍പ്പെടെ (53+84) 137 പേരാണ് ബഹ്റൈനിലെ കൊറോണ ബാധിതരായി ചികിത്സയിലുള്ളത്. നിലവില്‍ 11378 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. ഇന്നലെ വൈറസ് ബാധയേറ്റ 17 പേര്‍ കൂടി രോഗമുക്തരായി ആശുപത്രി വിട്ടിരുന്നു.