ഷാഫി
മനാമ: 2018 ഓർക്കുമ്പോൾ തന്നെ, പോയ വർഷം നഷ്ടങ്ങളുടെയും അതിജീവനത്തിന്റെയും കഥകളാണ് ഓരോ മലയാളികൾക്കും ഓർക്കാനും പറയാനുമുണ്ടാവുക. ‘നിപ്പ’യായും ‘പ്രളയ’മായും വേട്ടയാടിയ പ്രകൃതി ദുരന്തങ്ങളെയും രോഗങ്ങളെയും ഭീഷണികളെയുമെല്ലാം കൂട്ടായ പ്രയത്നങ്ങളാൽ ചങ്കുറപ്പോടെ നേരിട്ട് ‘ഈ കാലവും കടന്നു പോകും’ എന്ന അതിജീവന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച മലയാളിയെ നോക്കി ലോകം എഴുന്നേറ്റു നിന്ന് കയ്യടിച്ച വർഷം. ഇന്ത്യയെന്ന മഹാരാജ്യത്തെ കേരളമെന്ന കൊച്ചു സംസ്ഥാനത്തു നിന്നും ലോകത്തിന്റെ നാനാഭാഗങ്ങളിലായി പടർന്നു പന്തലിച്ച മലയാളിയുടെ മുഴുവൻ ഊർജവും ഒന്നിച്ച് പിറന്ന നാടിനായ് ഏറ്റു പിടിച്ച കഥകൾ കേട്ടാൽ ആർക്കാണ് രോമാഞ്ചം കൊള്ളാത്തത്!. നാടിനെ നടുക്കിയ ദുരന്തങ്ങളിലെല്ലാം നെഞ്ചിലേ കനലുകൾ ആളിക്കത്തിച്ച് ഒന്നായ് ചേർന്ന് നിന്ന് ചൂടു പകരാൻ മുന്നിൽ നിന്നവരായിരുന്നു പ്രവാസികൾ എന്ന് ചുരുക്കം. താരതമ്യേന പ്രവാസി മലയാളികൾ കൂടുതലുള്ള ബഹ്റൈനും രാജ്യത്തിന്റെ വലിപ്പത്തിലേറെ ഹൃദയ വിശാലത തങ്ങൾക്കുണ്ടെന്ന് തുറന്നു കാട്ടുകയുണ്ടായി. എന്നാൽ അതിലേറെ ഞെട്ടിക്കുന്ന കണക്കുകൾ തന്നെയായിരുന്ന പോയ വർഷം ബഹ്റൈൻ പ്രവാസ ലോകവും സമ്മാനിച്ചത്. ചരിത്രത്തിലെങ്ങുമില്ലാത്ത വിധം ഉയർന്ന പ്രവാസികളുടെ ആത്മഹത്യാ നിരക്ക് തന്നെയായിരുന്നു അത്.
“2017 ൽ ആത്മഹത്യ ചെയ്ത പ്രവാസികൾ 16
2018 ൽ ആത്മഹത്യ ചെയ്ത പ്രവാസികൾ 37″ !!!
മഹാമാരി വ്യാപിച്ച് തുടങ്ങിയെന്ന് മനസിലാക്കിയ കാലം മുതൽ പലവിധേന സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളാൽ ബോധവത്കരണവും പ്രതിരോധ ക്യാംപെയിനുകളുമായി നേരിട്ടെങ്കിൽ കൂടി 37 ഓളം പ്രവാസി ജീവനുകളാണ് പോയവർഷം സ്വയം മരണം വരിച്ചത്. അതിൽ തന്നെ ഭൂരിഭാഗവും ഇന്ത്യക്കാരാണെന്നതും, തെറ്റല്ലാത്ത വിധത്തിൽ തന്നെ മലയാളികളും പങ്കാളികളാണെന്നതും ഏറെ വേദനിപ്പിച്ച സത്യങ്ങളായിരുന്നു. 2017ൽ ബഹ്റൈനിലെ കണക്കുകൾ പ്രകാരം പ്രവാസി ആത്മഹത്യ 16 ൽ നിന്നിടത്തു നിന്നാണ് ഇരട്ടിയിലധികം വർദ്ധിച്ച് 37 ഭീമാകാരമായ ആത്മഹത്യകളുമായി 2018 കടന്നു പോയത്.
“സാധാരണ തൊഴിലാളികൾ മുതൽ വിദ്യാസമ്പന്നരെന്നവകാശപ്പെടുന്ന പ്രൊഫഷണൽ തൊഴിലാളികൾ (ഡോക്ടർമാർ അടക്കം) വരെ, ബന്ധുക്കളായവർ മുതൽ നാട്ടിലുള്ള സ്വന്തം മാതാപിതാക്കളുടെ മുൻപിൽ വിഡിയോ കോളിൽ ലൈവായ് പ്രദർശിപ്പിക്കുമാറ് സ്വയം ജീവൻ ഹോമിച്ചവർ വരെ…..”
2019 പിന്നിട്ട് രണ്ടാഴ്ച തികയും മുൻപാണിപ്പോൾ മറ്റൊരു ഇന്ത്യൻ തൊഴിലാളിയുടെ ആത്മഹത്യ വാർത്ത കൂടി പുറത്തുവന്നത്. ആന്ധ്രാ സ്വദേശിയായ കിരൺകുമാർ ഗോൻഗഡിയെന്ന 32 കാരൻ യുവാവ് 2019 ൽ ബഹ്‌റൈനിൽ ആത്മഹത്യ ചെയ്ത ആദ്യത്തെ പ്രവാസിയാണ്. സീഫിലെ ക്രോണോസ് ഇലക്ട്രിക്കൽ കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്ന കിരൺകുമാറിനെ ജനുസാനിലെ ലേബർ ക്യാമ്പിലെ താമസ സ്ഥലത്ത് വച്ചാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ വർഷത്തെ ആദ്യത്തേതും അവസാനത്തേതുമായ ആത്മഹത്യ ഇതാവട്ടെ എന്ന പ്രാർഥനയിലാണ് വാർത്തകൾ കേട്ട് മനം മടുത്ത പ്രവാസ ലോകം. സാധാരണ തൊഴിലാളികൾ മുതൽ വിദ്യാസമ്പന്നരെന്നവകാശപ്പെടുന്ന പ്രൊഫഷണൽ തൊഴിലാളികൾ (ഡോക്ടർമാർ അടക്കം) വരെ, ബന്ധുക്കളായവർ മുതൽ നാട്ടിലുള്ള സ്വന്തം മാതാപിതാക്കളുടെ മുൻപിൽ വിഡിയോ കോളിൽ ലൈവായ് പ്രദർശിപ്പിക്കുമാറ് സ്വയം ജീവൻ ഹോമിച്ചവർ വരെ നിരവധി വേദനാജനകമായ വാർത്തകളാണ് പോയ വർഷം ബഹ്റൈൻ ബാക്കിയാക്കിയത്, എല്ലാവരും തന്നെ പ്രവാസികൾ!.
“ഭൂരിഭാഗം ആത്മഹത്യകളും സാമ്പത്തിക പ്രതിസന്ധിയിൽ പെട്ട്…..”
ഉയർന്നു വന്നിരുന്ന ആത്മഹത്യാ നിരക്കിനെ പ്രതിരോധിക്കാൻ കൗൺസിലിങ്ങുകളും മനശാസ്ത്ര സഹായങ്ങളും ബോധവത്കരണ ക്യാംപെയിനുകളുമായി നിരവധി ഇന്ത്യൻ പ്രവാസി സാമൂഹിക സംഘടനകളും പ്രവർത്തകരും മുൻപന്തിയിലുണ്ടായിരുന്നെന്നത് വിസ്മരിക്കാനാവില്ല. ഒപ്പം തന്നെ വർദ്ധിച്ചു വരുന്ന ആത്മഹത്യകളെ പ്രതിരോധിക്കുന്നതിനും മൂല കാരണങ്ങൾ കണ്ടെത്താനും ഗവൺമെന്റിന്റേയും മറ്റു സംഘടനകളുടെയും സഹായം തേടണമെന്ന ആവശ്യവുമായി ‘ബഹ്റൈൻ ഹ്യൂമൻ റൈറ്റ്സ് വാച്ച് സൊസൈറ്റി’ (ബി.എച്ച്.ആർ.ഡബ്ല്യൂ.എസ്) അഭിപ്രായപ്പെട്ടതും സ്വാഗതാർഹമായിരുന്നു. തൊഴിൽ-സാമൂഹിക വികസന മന്ത്രാലയവും വിദേശകാര്യാലയങ്ങളും പൗരാവകാശ സാമൂഹ്യ സംഘടനകളും ഒന്നിച്ച് കൂട്ടായി ആത്മഹത്യ കുറക്കുന്നതിനുള്ള കർമസമിതിക്ക് രൂപം നൽകണമെന്ന് ബി.എച്ച്.ആർ.ഡബ്ല്യൂ.എസ് സെക്രട്ടറി ജനറൽ ഫൈസൽ ഫുലാദ് ഇതേ തുടർന്ന് ആവിശ്യപ്പെടുകയുമുണ്ടായി. നടന്ന ഭൂരിഭാഗം ആത്മഹത്യകളും സാമ്പത്തിക പ്രതിസന്ധി മൂലമാണെന്നായിരുന്നു ഇദ്ദേഹത്തിന്റെ നിരീക്ഷണം. ആയതിനാൽ ഇത്തരം വിഷയങ്ങളിൽ സർക്കാരിനും സംഘടനകൾക്കും വിശദമായ പഠനങ്ങൾക്കും പരിഹാരങ്ങൾക്കുമുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി.
‘പ്രവാസി ഗൈഡൻസ് ഫോറം (PGF)’ പ്രവർത്തനങ്ങൾ ശ്രദ്ധേയം
ആത്മഹത്യാപരമായ ചിന്തകളിലേക്ക് നീങ്ങുന്ന മനസുകൾക്ക് കൈത്താങ്ങാവാൻ ബഹ്റൈനിലെ പ്രമുഖ മന:ശാസ്ത്രജ്ഞനും കൗൺസിലറുമായ ജോൺ പനക്കലിന്റെ നേതൃത്വത്തിൽ ‘പ്രവാസി ഗൈഡൻസ് ഫോറം (PGF)’ പ്രതിനിധികൾ ഒരുകൂട്ടം കൗൺസിലർമാരുടെ സഹായത്തോടെ രൂപീകരിച്ചിരുന്ന സമാന്തര കോൾ സെന്റർ സംവിധാനമായിരുന്നു പ്രതിരോധ പ്രവർത്തനങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത്. മാനസികവും സാമ്പത്തികവും ശാരീരികവുമായ പ്രശ്നങ്ങളാൽ ആത്മഹത്യയെന്ന വിപത്തിലേക്ക് നീങ്ങി വീർപ്പുമുട്ടുന്ന നിരവധി പേരായിരുന്നു ഈ കോൾ സെന്റർ സംവിധാനത്തിലൂടെ തങ്ങളുടെ പ്രശ്നങ്ങൾ തുറന്നു പറയാനും സംസാരിക്കാനും കൗൺസിലർമാരുടെ സേവനങ്ങൾ പ്രയോജനപ്പെടുത്തിയത്. മലയാളികളായി തന്നെ 84 ഓളം പേരെ എല്ലാം അവസാനിച്ചെന്ന തോന്നലിൽ നിന്നും കൗൺസിലിംഗ് സേവനത്തിലൂടെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താൻ സാധിച്ചിട്ടുണ്ടെന്ന PGF പ്രതിനിധികളുടെ റിപ്പോർട്ട് ഏറെ അഭിനന്ദനീയാർഹമാണ്. ഇതേ സേവനം കൂടുതൽ വിപുലീകരിക്കാനും ഒപ്പം തന്നെ കൂടുതൽ അംഗീകൃത കൗൺസിലർമാരെ സൃഷ്ടിക്കാനായി സൗജന്യ കൗൺസിലിംഗ് ട്രെയ്നിംഗ് ക്ലാസുകളും ഈ വർഷം മുതൽ സംഘടിപ്പിക്കുമെന്ന് ജോൺ പനക്കലിനൊപ്പം PGF ആക്ടിംഗ് ചെയർമാൻ പ്രദീപ് പുറവങ്കരയും പ്രസിഡന്റ് ലത്തീഫ് ആയഞ്ചേരിയും ബഹ്റൈൻ വാർത്തയോട് പറയുകയുണ്ടായി.
ഇതോടൊപ്പം ചേർത്തു പറയേണ്ട മറ്റൊരു ബോധവത്കരണ ക്യാംപെയിനായിരുന്നു ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ICRF) സംഘടിപ്പിച്ച ആത്മഹത്യാ വിരുദ്ധ ഷോർട് ഫിലിം മത്സരവും തിരഞ്ഞെടുക്കപ്പെട്ടവ ലേബർ ക്യാമ്പുകളിൽ പ്രദർശിപ്പിച്ചതുമായ പ്രവർത്തനങ്ങൾ, ഒപ്പം തന്നെ ഷിഫാ അൽ ജസീറ മെഡിക്കൽ സെൻററും ബഹ്റൈൻ കേരളീയ സമാജവുമായി ചേർന്ന് സൈക്കാട്രിസ്റ്റിനാൽ നൽകിയ ബോധവത്കരണ ക്ലാസും ശ്രദ്ധേയമായിരുന്നു. ഇത്തരുണത്തിൽ മാനുഷിക മൂല്യങ്ങൾക്ക് വില കൽപ്പിക്കുന്ന ചെറുതും വലുതുമായ ഒട്ടനവധി സാമൂഹിക സാംസ്കാരിക കൂട്ടായ്മകൾ ഈ കൊച്ചു പവിഴത്തുരുത്തിൽ ഒരു ജീവനും വെറുതേ പൊഴിയരുതെന്ന ആഗ്രഹത്തിൽ പ്രവർത്തിക്കുന്നതിന്റെ ഫലം ഈ 2019 ൽ എങ്കിലും നമുക്ക് ലഭിക്കേണ്ടതായുണ്ട്.
വീഡിയോ കാണാം:
‘ആത്മഹത്യ പരിഹാരമോ?!!’ ബഹ്റൈനിൽ പ്രവാസികൾക്കിടയിൽ ആത്മഹത്യാ പ്രവണതകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ, ബഹ്‌റൈൻ കേരളീയ സമാജവും – ഷിഫാ അൽ ജസീറ മെഡിക്കൽ സെൻററും സംയുക്തമായി സംഘടിപ്പിച്ച സെമിനാറിൽ, പ്രമുഖ കണ്‍സള്‍ട്ടിംഗ് സൈക്യാട്രിസ്റ്റ് ഡോ. അനീസ് അലി നടത്തിയ പ്രഭാഷണത്തിൻറെ പൂർണ രൂപം.
https://www.facebook.com/BahrainVaartha/videos/345581656009812/
സഹവർത്തിത്വവും സാഹോദര്യവും ഊട്ടിയുറപ്പിച്ച് അടുത്തിരിക്കുന്നവന്റെ മാനസികവ്യഥകളും പ്രശ്നങ്ങളും കേൾക്കാൻ ഒരൽപം മനസും സാവകാശവും കാണിച്ചാൽ നമ്മിൽ പലർക്കും ഈ ഒരു വിപത്തിനെതിരായ പ്രവർത്തങ്ങളിൽ നിഷ്പ്രയാസം കണ്ണി ചേരാൻ സാധിക്കുമെന്നതൊരു യാഥാർഥ്യമാണ്. പ്രശ്നങ്ങളെന്ത് തന്നെയുണ്ടെങ്കിലും അത് തുറന്നു പറയാൻ തക്ക വിധത്തിലൊരു സൗഹൃദമെങ്കിലും ഉണ്ടായിരിക്കുക എന്നതൊരു ഭാഗ്യവുമാണ്. ഈ 2019 അതിനൊരു മാറ്റമാകുമെന്ന് തന്നെ നമുക്കുറച്ചു വിശ്വസിക്കാം, വരുമൊരു തലമുറയിൽ നിന്നും കടം വാങ്ങിയ തിരികെയേൽപ്പിക്കേണ്ടൊരീ ഭൂമിയിൽ നമുക്ക് ചുറ്റുമൊരാളും വേദനയാൽ ആയുസൊടുങ്ങും മുൻപ് സ്വയം ജീവിതം ഹോമിക്കാനിടവരാതിരിക്കട്ടെ, ഒരല്പം ജാഗ്രത!!!
ICRF ഷോർട് ഫിലിം മത്സരത്തിൽ തെരഞ്ഞെടുത്ത മികച്ച ചിത്രങ്ങൾ
1.Mindscape – Winning Film
https://youtu.be/XOZn3VmWQbA
2.Komorebi – First Runner Up
https://youtu.be/f37hcWIZqJI
3.I wish I was Alive – Second Runner Up
https://youtu.be/ewidg3d2IZw
4.NINGALUDE SWANTHAM JEEVAN – Second Runner Up
https://youtu.be/Fl-H8YqlhLs
5.Kahe Ghabraye – Jury Special Mention Award
https://youtu.be/7ieJca9Sw6s
6.Lakheerein – Jury Special Mention Award
https://youtu.be/D2_yjBBo6zs
7.AID Awareness In Depression
https://youtu.be/YWcMmzHlBVc
8.Anukul’s Koshish
https://youtu.be/7mqQhgo3Kvc
9.Give Life A Chance Stay Connected
https://youtu.be/DcmfhY7PBaM
10.Helping Hands – Animation Film by New Millennuim School Children – Jury Special Mention Award
https://youtu.be/M5R3FR9NpVg
11.Revival
https://youtu.be/rsJOv_ZGEG0
12.Solace
https://youtu.be/LNmDwKXucSA
13.Turning Point
https://youtu.be/97Wcp8hIwsM
14.Worth
https://youtu.be/0cqq6Fe6L6s