മനാമ: കോവിഡ്-19 വൈറസ് പടരുന്നതിന്റെ സാഹചര്യത്തില്‍ അടിയന്തര നീക്കങ്ങള്‍ ദ്രുതഗതിയിലാക്കി ബഹ്‌റൈന്‍ ഭരണകൂടം. ആറ് മാസത്തേക്ക് രാജ്യത്തിനാവശ്യമായ ഭക്ഷ്യ വസ്തുക്കള്‍ സ്റ്റോക്ക് ചെയ്തു കഴിഞ്ഞിട്ടുണ്ട്. ഏതൊരു അടിയന്തര സാഹചര്യത്തേയും നേരിടാന്‍ പാകത്തിലുള്ള സജ്ജീകരണങ്ങളാണ് രാജ്യത്ത് ക്രമീകരിച്ചിരിക്കുന്നത്.
രാജ്യത്തെ ഭക്ഷ്യ പ്രതിസന്ധിയുണ്ടാകില്ലെന്നും ആറ് മാസത്തേക്കുള്ള ഭക്ഷണ സാമഗ്രികള്‍ ശേഖരിക്കുമെന്നും കഴിഞ്ഞ ദിവസം കോമേഴ്‌സ് ആന്റ് ടൂറിസം മിനിസ്റ്റര്‍ സയ്യിദ് അല്‍സിയാനി വ്യക്തമാക്കിയിരുന്നു. പ്രഖ്യാപനം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം ഭക്ഷ്യവസ്തുക്കള്‍ സംഭരിച്ചതായി ഭരണകൂടം സ്ഥിരീകരിച്ചു. ബഹ്‌റൈനിലെ പ്രധാനപ്പെട്ട ഭക്ഷണ വിതരണ കമ്പനികളുടെ പ്രതിനിധികളും ബഹ്‌റൈന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി അംഗങ്ങളും മിനിസ്റ്റര്‍ സയ്യിദ് അല്‍സിയാനിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
ബഹ്‌റൈനിലെ ഭക്ഷണ വസ്തുക്കളുടെ സംഭരണവും ഇതര പ്രവര്‍ത്തനങ്ങളുമാണ് പ്രധാനമായും യോഗം ചര്‍ച്ച ചെയ്തത്. എല്ലാ സാഹചര്യങ്ങളെയും നേരിടാന്‍ രാജ്യം തയ്യാറാണെന്ന് നേരത്തെ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ പരിഭ്രന്തിയുടെ ആവശ്യമില്ലെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.