കൊല്‍ക്കത്ത: കോവിഡ്-19നെ നേരിടാന്‍ പശുവിന്റെ മൂത്രം കുടിച്ച ബി.ജെ.പി പ്രവര്‍ത്തകനെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡിനെ നേരിടാന്‍ ഗോമൂത്രം എന്ന ടാഗ് ലൈനില്‍ ഹിന്ദു മഹാസഭ ഉള്‍പ്പെടെയുള്ള ചില വലതുപക്ഷ സംഘടനകള്‍ ഗോമൂത്ര പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. കൊല്‍ക്കത്തയില്‍ നടന്ന അത്തരമൊരു പരിപാടിയില്‍ ഇയാള്‍ പങ്കെടുത്തിരുന്നു. ഇയാളുടെ പരാതിയെത്തുടര്‍ന്നാണ് ബി.ജെ.പി പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കൊല്‍ക്കത്തയിലെ ജോരസഖോ പ്രദേശത്തെ ബി.ജെ.പി പ്രവര്‍ത്തകനായ നാരായണ ചാറ്റര്‍ജി പശു ആരാധന പരിപാടി സംഘടിപ്പിച്ച് പശു മൂത്രം വിതരണം ചെയ്തതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഗോമൂത്രത്തിന് അദ്ഭുത സിദ്ധിയുണ്ടെന്ന് പ്രചരിപ്പിക്കുകയും ആരാധന പരിപാടിയെന്ന പേരില്‍ ആളുകളെ ചിലര്‍ ഗോമൂത്രം കുടിപ്പിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഗോമൂത്രം കുടിച്ചാല്‍ കൊറോണ പടരില്ലെന്നും വൈറസുകളെ അകറ്റി നിര്‍ത്താനുള്ള കഴിവ് പശുവിന്റെ മൂത്രത്തിനുണ്ടെന്നുമാണ് ഇന്ത്യയിലെ ചില സംഘപരിവാര്‍ സംഘടനകള്‍ പ്രചരിപ്പിക്കുന്നത്. ഇതുവരെ ഇക്കാര്യം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും സംഘപരിവാര്‍ അനുഭാവികള്‍ ഗോമൂത്രം വിശുദ്ധ ഔഷധിയായി കണക്കാക്കുന്നുണ്ട്.