മനാമ: കോവിഡ്-19 പടര്‍ന്നു പിടിച്ചതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ സാമ്പത്തിക ഞെരുക്കമുണ്ടാകാതിരിക്കാന്‍ കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് ബഹ്‌റൈന്‍ ഭരണാധികാരികള്‍.സ്വകാര്യ മേഖലയ്ക്ക് നിലവില്‍ ഉണ്ടായേക്കാവുന്ന സാമ്പത്തിക പ്രതിസന്ധിയെ നേരിടാന്‍ സഹായിക്കുന്നതാണ് പാക്കേജ്. കൊറോണയുടെ പശ്ചാത്തലത്തില്‍ വിപണി നീക്കങ്ങള്‍ കുറഞ്ഞതുള്‍പ്പെടെ സ്വകാര്യ മേഖലയ്ക്ക് തിരിച്ചടിയുണ്ടാകുമെന്ന് നേരത്തെ വിദഗ്ദ്ധര്‍ പ്രവചിച്ചിരുന്നു.
2020 ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ രാജ്യത്തെ സ്വകാര്യ മേഖലയില്‍ സ്വദേശികളുടെ ശമ്പളം സര്‍ക്കാര്‍ നല്‍കും. സോഷ്യല്‍ ഇന്‍ഷൂറന്‍സിന്റെ ഭാഗമായാണ് ഇത്. തൊഴിലാളികളുടെ മൂന്ന് മാസത്തെ ശമ്പളം സര്‍ക്കാര്‍ നല്‍കുന്നത് വഴി സ്വകാര്യ തൊഴില്‍ദാതാവിന് ഉണ്ടായേക്കാവുന്ന ആഘാതം കുറയും. രാജ്യത്തെ സ്വകാര്യ മേഖലയില്‍ ഏകദേശം 100,000 ബഹ്‌റൈനികള്‍ തൊഴിലെടുക്കുന്നുണ്ട്. പദ്ധതി നടപ്പിലാക്കുന്നതിന് 215 മില്യണ്‍ ദിനാര്‍ വേണ്ടിവരുമെന്നാണ് കണക്ക്.
പുതിയ സാഹചര്യത്തില്‍ പ്രതിസന്ധി മറികടക്കാന്‍ സ്വകാര്യ മേഖലയെ സഹായിക്കുകയെന്നതാണ് ഉത്തേജക പാക്കേജിന്റെ ലക്ഷ്യം. ഹിസ് റോയല്‍ ഹൈനസ് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെയും ഹിസ് റോയല്‍ ഹൈനസ് ഡെപ്യൂട്ടി കമാന്‍ഡര്‍, കീരീടവകാശി പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെയും നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് കൊറോണ പ്രതിരോധ നടപടികള്‍ പുരോഗമിക്കുന്നത്.
സ്വകാര്യ മേഖലയെ ഭദ്രമാ്ക്കുന്ന ഉത്തേജക പാക്കേജ് സംബന്ധിച്ച വിവരങ്ങള്‍ ലേബര്‍ ആന്റ് സോഷ്യല്‍ ഡെവ്‌ലെപ്‌മെന്റ് മിനിസ്റ്റര്‍ ജാമില്‍ ബിന്‍ മുഹമ്മദ് ഹ്യൂമൈദാനാണ് പുറത്തുവിട്ടിരിക്കുന്നത്. ഭരണാധികാരിയുടെ പുതിയ നീക്കം അഭിനന്ദനീയമാണെന്ന് അദ്ദേഹം വ്യക്തമാക്കി. നേരത്തെ 4.3 ബില്യണ്‍ ബഹ്‌റൈനി ദിനാറിന്റെ ഉത്തേജക പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് പുതിയ പദ്ധതി.