മനാമ: ബഹ്റൈന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജുകള്‍ പ്രയാസമനുഭവിക്കുന്ന പ്രവാസികള്‍ക്കടക്കം ഗുണകരമാകുമെന്ന് ഫ്രൻറ്സ് സോഷ്യല്‍ അസോസിയേഷന്‍ വ്യക്തമാക്കി. ജീവിതച്ചെലവ് കുതിച്ചുയരുകയും സാമ്പത്തിക പ്രയാസങ്ങളാല്‍ വലയുകയും ചെയ്യുന്നവര്‍ക്ക് ആശ്വാസമായി ബഹ്റൈന്‍ ഭരണാധികാരികളുടെ തീരുമാനം മാറിയിരിക്കുകയാണ്. മൂന്നു മാസത്തെ വൈദ്യതി, മുനിസിപ്പല്‍ ഫീസ് സര്‍ക്കാര്‍ അടക്കുമെന്ന പ്രഖ്യാപനം ചെറുകിട, ഇടത്തരം വ്യാപാരികള്‍ക്കും പ്രവാസി കുടുംബങ്ങൾക്കും സ്വദേശികളോടൊപ്പം തന്നെ സന്തോഷം നല്‍കുന്ന കാര്യമാണ്. കൊറോണ വൈറസ് ബാധ വ്യാപാര സ്ഥാപനങ്ങളെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. ജീവനക്കാര്‍ക്ക് വേതനം പോലും നല്‍കാന്‍ കഴിയാതെ പ്രയാസപ്പെടുന്ന ചെറുകിട കച്ചവടക്കാരായ പ്രവാസികള്‍ക്ക് ആശ്വാസം നല്‍കുന്ന നടപടിയാണ് ബഹ്റൈന്‍ ഭരണകൂടത്തിേൻറത്. രാജ്യത്തെ പൗരന്‍മാരെ മാത്രമല്ല, ജീവിതായോധനത്തിനായി ഇവിടെയെത്തിയ വിദേശ പൗരന്മാരോടും സ്നേഹവായ്പോടെ പെരുമാറുന്ന ബഹ്റൈന്‍ ഭരണാധികാരികള്‍ക്ക് ദീര്‍ഘായുസ്സും സമാധാനവും ഭവിക്കട്ടെയെന്നും ഫ്രൻറ്സ് അസോസിയേഷന്‍ ഇറക്കിയ പത്രക്കുറിപ്പില്‍ ആശംസിച്ചു. 931 തടവു പുള്ളികളൂടെ ശിക്ഷാ കാലാവധിയിൽ ഇളവ് നൽകി വിട്ടയക്കാൻ തീരുമാനിച്ച രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫയുടെ നടപടിയെയും അസോസിയേഷൻ സ്വാഗതം ചെയ്തു.