തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19മായി ബന്ധപ്പെട്ട് കൂടുതല്‍ നിയന്ത്രണങ്ങള്‍. കാസര്‍കോട് ജില്ലയില്‍ പൂര്‍ണ്ണ ലോക് ഡൗണ്‍ ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത ഉന്നതതല യോഗം തീരുമാനം. കോവിഡ് സ്ഥിരീകരിച്ച തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, എറണാകുളം, കോഴിക്കോട്, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, ഇടുക്കി എന്നീ ജില്ലകളിലും ഭാഗിഗമായി നിയന്ത്രണങ്ങളുണ്ടാകും. ഈ ജില്ലകള്‍ ഭാഗികമായി അടച്ചിടും. സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം.
ഇതുവരെ സംസ്ഥാനത്ത് 64 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ വൈറസ് ബാധ കാസര്‍ഗോഡ് ജില്ലയിലാണ്. അവിടെ പത്തൊമ്പത് പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം നിയന്ത്രണങ്ങളുണ്ടെങ്കില്‍ പോലും അവശ്യ സര്‍വ്വീസുകള്‍ മുടക്കില്ല. കടകള്‍ പൂര്‍ണ്ണമായും അടക്കില്ല. കാസര്‍കോട്ട് ആരും പുറത്തിറങ്ങരുതെന്നാണ് നിര്‍ദ്ദേശം. ജനത കര്‍ഫ്യൂവിന് സമാന രീതിയില്‍ എല്ലാവരും പരമാവധി വീടുകളില്‍ കഴിയാന്‍ ചീഫ് സെക്രട്ടറി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ ഇതുവരെ ഏഴ് പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടിരിക്കുന്നത്. ഇന്നലെ മാത്രം മൂന്ന് മരണങ്ങള്‍. വൈറസ് ബാധിതരുടെ എണ്ണം 370 ആയി ഉയര്‍ന്നിട്ടുണ്ട്. മഹാരാഷട്രയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതര്‍ ഉള്ളത്. സംസ്ഥാനത്ത് കാസര്‍ഗോഡ് ജില്ലയിലെ സ്ഥിതിഗതികള്‍ മോശമാണ്. ഇക്കാര്യം ചീഫ് സെക്രട്ടറി തന്നെ മാധ്യമങ്ങളെ അറിയിച്ചിരുന്നു.
കൊവിഡ് വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ബാറുകള്‍ അടക്കും. ബിയര്‍ പാര്‍ലറുകളും അടയ്ക്കും. ബെവ്‌കോ ഔട്ലെറ്റുകള്‍ അടക്കാന്‍ തീരുമാനിച്ചിട്ടില്ല. ബീവറേജസ് ഔട്ട്‌ലെറ്റുകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സ്ഥിതികള്‍ വിലയിരുത്തിയ ശേഷം കൂടുതല്‍ നടപടികളുണ്ടാവും.