ബാഴ്‌സലോണ: മൈതാനത്തെ വൈര്യം മറന്ന് കൊറോണയ്‌ക്കെതിരെ ഒന്നിച്ച് ക്രിസ്റ്റ്യാന്യോ റൊണാള്‍ഡൊയും ലയണല്‍ മെസിയും. ഇരുവരും മാത്രമല്ല ഫുട്‌ബോള്‍ ലോകം ഒന്നടങ്കം കോവിഡിനെ തുരത്താന്‍ സഹായഹസ്തവുമായി രംഗത്ത് വന്നിട്ടുണ്ട്. മഹാമാരിയെ നേരിടാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി 10 ലക്ഷം യൂറോ (ഏകദേശം 8 കോടി രൂപ) യാണ് കളിക്കളത്തിലെ മാന്ത്രികന്‍ മെസി നല്‍കിയത്. ബാഴ്‌സലോണയിലെ ഹോസ്പിറ്റല്‍ ക്ലിനിക്, അര്‍ജന്റീനയിലെ മെഡിക്കല്‍ സെന്റര്‍ എന്നിവിടങ്ങളിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായിട്ടാണ് ഇത്രയും വലിയ തുക അദ്ദേഹം നല്‍കിയത്.
പോര്‍ച്ചുഗലിലെ വിവിധ ആശുപത്രികള്‍ക്ക് മരുന്നും മറ്റ് ഉപകരണങ്ങളും വാങ്ങുന്നതിനായി ഒരു മില്യണ്‍ യു.എസ് ഡോളറാണ് ക്രിസ്റ്റ്യാന്യോ നല്‍കിയത്. പോര്‍ച്ചുഗലിന്റെ എക്കാലത്തെയും ഇതിഹാസ താരത്തിന് നന്ദിയറിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വന്നിരിക്കുന്നത്. മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള 10 ലക്ഷം യുറോ സംഭവാന നല്‍കിയിട്ടുണ്ട്. ക്രൊയേഷ്യന്‍ ഫുട്ബാള്‍ ടീം 5,60,000 യൂറോ സംഭാവന നല്‍കി.
ഇവയൊന്നും കൂടാതെ നിരവധി സൂപ്പര്‍ താരങ്ങളും ക്ലബുകളും സംഭവാന നല്‍കിയിട്ടുണ്ട്. വിവിധ ഫുട്‌ബോള്‍ താരങ്ങള്‍ ഫണ്ട് പിരിവുകള്‍ തുടങ്ങിയിട്ടുണ്ട്. ലോകമാകെ എല്ലാവരും കൊവിഡിനെ തുരത്താനുള്ള യത്‌നത്തിലാണ്. സ്‌പെയ്ന്‍, ഇറ്റലി തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ വൈറസ് പടര്‍ന്നിരിക്കുന്നത്.