ന്യൂഡൽഹി: കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ 1,70,000 കോടിയുടെ സാമ്പത്തിക പാക്കേജ് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. ഗ്രാമങ്ങളിലും നഗരങ്ങളിലും ഉള്ള പാവപ്പെട്ടവർക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കുമായാണ് പാക്കേജ്. ഒരാളും വിശന്നിരിക്കേണ്ടി വരില്ലെന്നും ധനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പ്രകാരമാണ് പദ്ധതി നടപ്പിലാക്കുന്നത്. ആരോഗ്യ ജീവനക്കാർക്കും ഇൻഷുറൻസ് പ്രഖ്യാപിച്ചു. ഒരു ജീവനക്കാരന് 50 ലക്ഷം രൂപയുടെ കവറേജ് ലഭിക്കും. 3 മാസത്തേക്കാണ് ഇൻഷുറൻസ്. അതിനകം കൊറോണ വൈറസ് നിയന്ത്രണ വിധേയമാകുമെന്നാണ് കരുതുന്നതെന്ന് മന്ത്രി പറഞ്ഞു.
ആശാ വർക്കർമാർ ഉൾപ്പടെയുള്ളവർക്കാണ് 50 ലക്ഷം രൂപയുടെ ഇൻഷൂറൻസ് പ്രഖ്യാപിച്ചിരിക്കുന്നത്. ആശാവർക്കർമാരും ശുചീകരണ ത്തൊഴിലാളികൾക്കും മുതൽ ഡോക്ടർമാർക്ക് വരെ ഓരോരുത്തർക്കും ഈ 50 ലക്ഷം മെഡിക്കൽ ഇൻഷൂറൻസ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. സ്വന്തം ആരോഗ്യം പോലും നോക്കാതെ ജോലി ചെയ്യുന്നവർക്കെല്ലാം സഹായം നൽകാനാണ് സർക്കാരിന്റെ ലക്ഷ്യമെന്നും കേന്ദ്രധനമന്ത്രി.
പ്രധാനമന്ത്രി ലോക് കല്യാൺ യോജന വഴി നിലവിൽ ബിപിഎൽ കുടുംബങ്ങളിൽ എല്ലാവർക്കും 5 കിലോ അരി ലഭിക്കുന്നുണ്ട്. ഇതിനൊപ്പം അടുത്ത മൂന്ന് മാസത്തേക്ക് എല്ലാ ബിപിഎൽ കുടുംബങ്ങൾക്കും ഇതിനൊപ്പം 5 കിലോ അരിയോ ഗോതമ്പോ അവരുടെ ഇഷ്ടപ്രകാരം സൌജന്യമായി ലഭിക്കും. ഇതിനൊപ്പം ഒരു കിലോ പരിപ്പോ, ചെറുപയറോ ഇങ്ങനെ ഏത് പരിപ്പുവർഗങ്ങളും ലഭിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
ധനമന്ത്രിയുടെ മറ്റ് പ്രഖ്യാപനങ്ങൾ
# 8.69 കോടി കർഷകർക്ക് പ്രധാനമന്ത്രി കിസാൻ യോജന പ്രകാരം വർഷം 6000 രൂപ നൽകുന്നതിൽ ആദ്യ ഇൻസ്റ്റാൾമെന്റായ 2000 രൂപ ഉടൻ നല്കും.
# തൊഴിലുറപ്പ് പദ്ധതിയിലുള്ളവർക്ക് 2000 രൂപ മാസം വരുമാനം കൂടുതൽ നല്കും. ഇവരുടെ പ്രതിദിന വരുമാനം പ്രതിഫലം 182-ൽ നിന്ന് 202 ആക്കി കൂട്ടിയാണ് ഈ വരുമാനവർദ്ധന നടപ്പാക്കുന്നത്.
# മൂന്നു കോടി മുതിർന്ന പൗരൻമാർക്കും വിധവകൾക്കും ഭിന്നശേഷിക്കാർക്കും 2000 രൂപ വീതം നൽകും. ഇതെല്ലാം നേരിട്ടുള്ള പണം കൈമാറ്റമാകും, എല്ലാവർക്കും നേരിട്ട് പണമെത്തിച്ച് നൽകും.
# ജൻധൻ അക്കൌണ്ടുള്ള 20 കോടി വനിതകൾക്ക് 1500 രൂപ നേരിട്ട് അക്കൗണ്ടിൽ നല്കും.
# ഉജ്ജ്വല പദ്ധതിയിലുള്ള ബിപിഎൽ പരിധിയിൽ പെട്ട 8 കോടി ആളുകൾക്ക് മൂന്നു മാസത്തേക്ക് സൗജന്യ സിലിണ്ടർ
# വനിതാ സ്വയം സഹായ സംഘങ്ങൾക്ക് 20 ലക്ഷം വായ്പ, ഇതിലൂടെ, 63 ലക്ഷം സ്വയം സഹായ സംഘങ്ങൾക്ക് പ്രയോജനം കിട്ടും, ഏഴു കോടി പേർക്ക് പ്രയോജനം
# 100 ജീവനക്കാർ വരെയുള്ള കമ്പനികളിലെ മൂന്നു മാസത്തേക്ക് ഇപിഎഫ് വിഹിതം സർക്കാർ നല്കും, ഈ കമ്പനികളിലെ 90 ശതമാനം പേർ 15000 രൂപയിൽ താഴെ ശമ്പളം വാങ്ങുന്നവരാകണം. ഇവർക്ക് ഇപിഎഫിലെ 75 ശതമാനം തുകയോ പരമാവധി മൂന്നുമാസത്തെ ശമ്പളത്തിനു തുല്യമായ തുകയോ പിൻവലിക്കാം. ഇത് തിരിച്ചടയ്ക്കേണ്ടതില്ല. ഇതിലൂടെ നാലുകോടി എൺപത് ലക്ഷം പേർക്ക് ആകെ പ്രയോജനം ലഭിക്കും.
# നിർമ്മാണതൊഴിലാളികളെ സംരക്ഷിക്കാൻ കെട്ടിടനിർമ്മാണ നിധി ഉപയോഗിക്കും. ഈ നിധിയിലെ 31000 കോടി രൂപ സംസ്ഥാനസർക്കാരുകൾക്ക് ഉപയോഗിക്കാം.
# ജില്ലാ ധാതു നിധിയിലെ തുക കൊവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന് ഉപയോഗിക്കാമെന്നും കേന്ദ്രധനമന്ത്രി.
ഇപ്പോൾ പാവപ്പെട്ടവർക്ക് ആശ്വാസം നല്കാനുള്ള നടപടികളാണ് പ്രഖ്യാപിച്ചത്. കൂടുതൽ നടപടികൾ പിന്നീട് ആലോചിക്കുമെന്നും കേന്ദ്രധനമന്ത്രി വ്യക്തമാക്കി.