തൃശൂര്‍: കല്യാണ്‍ ജൂവലേഴ്‌സ് കൊറോണ വൈറസ് (കോവിഡ് 19) പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പത്ത് കോടി രൂപ നല്‍കും. സര്‍ക്കാരിന്റെയും തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുടെയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും ഈ തുക നല്‍കുക. ഭക്ഷ്യവസ്തുക്കളും അവശ്യസാധനങ്ങളും എത്തിക്കുന്നതിനാകും മുന്‍ഗണനയെന്ന് കല്യാണ്‍ ജുവലേഴ്‌സ് അറിയിച്ചു.
കൊറോണവൈറസ് ബാധ ആഗോള തലത്തില്‍ മനുഷ്യരാശിക്ക് വലിയ നാശമാണുണ്ടാക്കിയിരിക്കുന്നതെന്ന് കല്യാണ്‍ ജൂവലേഴ്‌സ്‌ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്.കല്യാണരാമന്‍ പറഞ്ഞു. വലിയ വെല്ലുവിളി നേരിടുന്ന സമയത്ത് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അവര്‍ക്കാകുന്നതെല്ലാം ചെയ്യുന്നുണ്ട്. ഈ പ്രതിസന്ധിയുടെ ഗൗരവം ഉള്‍ക്കൊണ്ടുകൊണ്ടാണ് കല്യാണ ജൂവലേഴ്‌സ് 10 കോടി രൂപയുടെ സഹായപദ്ധതിയുമായി കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നത്. അദ്ദേഹം വ്യക്തമാക്കി.
തുക അര്‍ഹമായ പദ്ധതികള്‍ക്കായി വിനിയോഗിക്കുമെന്ന് ഉറപ്പുവരുത്തിക്കൊണ്ടായിരിക്കും കല്യാണ്‍ വിവിധ സഹായ ദൗത്യങ്ങളുമായി സഹകരിക്കുക. കൊറോണ വൈറസ് വ്യാപനം മൂലം പ്രതിസന്ധിയിലായവര്‍ക്ക് ഭക്ഷ്യവസ്തുക്കളും അവശ്യസാധനങ്ങളും ലഭ്യമാക്കുന്നതിനായിരിക്കും ആദ്യഘട്ടത്തില്‍ തുക ഉപയോഗപ്പെടുത്തുക. കല്യാണ്‍ ജൂവലേഴ്‌സിന്റെ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് 10 കോടി രൂപ നീക്കിവയ്ക്കുന്നത്.
ലോക്ക് ഡൗണ്‍ മൂലം കല്യാണ്‍ ജൂവലേഴ്‌സ് ഷോറൂമുകള്‍ അടഞ്ഞു കിടക്കുകയാണെങ്കിലും എണ്ണായിരത്തിലധികം ജീവനക്കാര്‍ക്കും ശമ്പളം പൂര്‍ണമായും നല്‍കുമെന്ന് ടി.എസ്. കല്യാണരാമന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി എല്ലാ ജീവനക്കാര്‍ക്കും കല്യാണ്‍ കത്തയച്ചിരുന്നു. കേരളത്തിലെ കോവിഡ് ദുരിതാശ്വാസത്തിനായി 10 കോടി രൂപ നല്‍കുന്ന ആദ്യത്തെ ജുവല്ലറി നെറ്റ്വര്‍ക്ക് ആയി മാറിയിരിക്കുകയാണ് കല്ല്യാണ്‍ ജൂവല്ലേഴ്സ്. നേരത്തെ എം.എ യൂസഫലിയും 10 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് വാഗ്ദാനം ചെയ്തിരുന്നു.