മനാമ: അഞ്ച് കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളില്‍ ബഹ്‌റൈന്‍ ഹൈ ക്രിമിനല്‍ കോടതി വിധി പറഞ്ഞു. കേസില്‍ ഫ്യൂച്ചര്‍ ബാങ്ക്, ഇറാനിയന്‍ ബാങ്ക് എന്നി സ്ഥാപനങ്ങളിലെ മൂന്ന് ഉദ്യോഗസ്ഥര്‍ വീതം പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഇവര്‍ക്ക് 5 വര്‍ഷം തടവും 100,000 ബഹ്‌റൈനി ദിനാര്‍ പിഴയും കോടതി വിധിച്ചു. കുറ്റക്കാര്‍ തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ട് പണമിടപാട് നടത്തിയതായും യാതൊരുവിധ പരിശോധനയ്ക്കും നില്‍ക്കാതെ അന്താരാഷ്ട്ര തലത്തില്‍ സാമ്പത്തിക കൈമാറ്റത്തിന് കൂട്ടുനിന്നതായും പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
ബാങ്ക് ഇടപാടുകള്‍ നടത്തുമ്പോള്‍ പാലിക്കേണ്ട യാതൊരു ഔദ്യോഗിക നടപടിക്രമങ്ങളും പൂര്‍ത്തിയാക്കാതെയാണ് ആയിരക്കണക്കിന് ധനകൈമാറ്റം നടത്തിയിരിക്കുന്നത്. ബഹ്‌റൈനിലെ നിയമപ്രകാരം കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിവ. കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദികള്‍ക്ക് ധനം എത്തിച്ചു നല്‍കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്ക് മേല്‍ ചാര്‍ത്തിയിരിക്കുന്നത്. അത്യാവശ്യ വിവരങ്ങള്‍ പോലും രേഖപ്പെടുത്താതെയാണ് മിക്ക ഇടപാടുകളും നടന്നിരിക്കുന്നതെന്ന് നേരത്തെ അന്വേഷണസംഘം കണ്ടെത്തിയിരുന്നു.