മനാമ : മനുഷ്യർ തമ്മിൽ നിലനിന്നിരുന്ന അകലം കുറച്ച് മനുഷ്യ തുല്യതയും അന്തസ്സും ഉയർത്തിയ ചരിത്രത്തിലെ മഹാ പ്രക്രിയായിരുന്നു സാമൂഹ്യ നവോഥാനം എന്ന് സി പി ഐ എം സംസ്ഥാന സെക്രെട്ടെറിയേറ്റ് അംഗം ബേബിജോൺ മാസ്റ്റർ അഭിപ്രായപ്പെട്ടു . ബഹ്‌റൈൻ പ്രതിഭ സഗയ്യ കെ സി എ ഹാളിൽ സംഘടിപ്പിച്ച നവോഥാന സദസ്സിൽ മുഖ്യ പ്രഭാഷണം നടത്തുക ആയിരുന്നു അദ്ദേഹം .ലോകത്തു സവിശേഷം ആയി നടന്ന ഒരു മാറ്റത്തെ കുറിക്കുന്നത് ആണ് നവോഥാനം . നന്മയെ ഉയർത്തി പിടിക്കുക എന്നതായിരുന്നു ഇതിന്റെ അന്തസത്ത. ഇന്ത്യയിൽ ഭക്തി പ്രസ്ഥാനത്തിന് ശേഷം ഉയർന്നു വന്ന നവോഥാനത്തിൽ പഴയതിൽ നിന്നും തികച്ചും വേറിട്ട ആശയങ്ങൾ ആണ് അവതരിപ്പിക്ക പെട്ടത് .അന്ന് നിലനിന്നിരുന്ന വ്യവസ്ഥയോടുള്ള സവിശേഷമായ കലഹങ്ങൾ ആയാണ് അവ വികാസം പ്രാപിച്ചത് . സാഹിത്യത്തിൽ തുഞ്ചനും ,കുഞ്ചനും എല്ലാം ഇങ്ങനെ കലഹിച്ചവർ ആയിരുന്നു .വാസ്കോഡഗാമയുടെയും കൊളംബസ്സിന്റെയും യാത്രകൾ ലോകത്തെ തന്നെ മാറ്റിമറിച്ചു .മുതലാളിത്തം വികാസം പ്രാപിച്ചതോടു കൂടി പഴയ വ്യവസ്ഥയും പുതിയ വ്യവസ്ഥയും ആയുള്ള സംഘര്ഷങ്ങളും വളർന്നു വന്നു .ഇതോടു കൂടി ആണ് പതിനെട്ടു പത്തൊൻപതു നൂറ്റാണ്ടുകളിൽ നവോഥാനം ഉയർന്നു വരുന്നത്.
ഫ്യൂഡൽ സവർണ മേധാവിത്വത്തിനു എതിരെ കൂടി ആയിരുന്നു ഈ ഉയർത്തെഴുന്നേൽപ്പ്. അയ്യാ വൈകുണ്ഠ സ്വാമികളും ,വടക്കൻ കേരളത്തിലെ ഫസൽ പൂക്കോയ തങ്ങളും ,ആറാട്ടുപുഴ വേലായുധ പണിക്കരും തുടങ്ങി ചട്ടമ്പി സ്വാമികളും ശ്രീനാരായണ ഗുരുവും ഉൾപ്പെടെ ഉള്ളവർ വ്യവസ്ഥകളെ വെല്ലുവിളിച്ചവർ ആയിരുന്നു . നവോത്ഥാനം കേവലം അനായാസേനയുള്ള ഒരു പ്രക്രിയ ആയിരുന്നില്ല, എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .നവോഥാന തുടർച്ച ആയിരുന്നു ജന്മിത്വത്തിനു എതിരെ കാർഷിക പരിഷ്കരണത്തിന് വേണ്ടി നടന്ന സമരം .അങ്ങനെ ആണ് നവോഥാനം ഉഴുതു മറിച്ച മണ്ണിൽ കാർഷിക പ്രസ്ഥാനവും കമ്മ്യുണിസ്റ് പ്രസ്ഥാനവും ഉയർന്നു വന്നത് .ഇതിന്റെ അസംതൃപ്തി ആണ് വിമോചന സമരത്തിൽ പ്രകടമായത് എന്നും അദ്ദേഹം പറഞ്ഞു .അതിന്റെ മറ്റൊരു പതിപ്പാണ് ഇപ്പോൾ നടക്കുന്നത് എന്ന് ശബരിമല കോടതി വിധിക്കെതിരെ നടക്കുന്ന സമരങ്ങളെ പരാമർശിച്ചു അദ്ദേഹം പറഞ്ഞു .പ്രതിഭ പ്രസിഡന്റ് മഹേഷ് അധ്യക്ഷം വഹിച്ച ചടങ്ങിൽ സെക്രെട്ടറി ഷെരിഫ് കോഴിക്കോട് സ്വാഗതം പറഞ്ഞു .
വൈസ് പ്രസിഡന്റ് പി .ശ്രീജിത്ത് അഭിവാദ്യ പ്രസംഗം നടത്തി .സി വി കുഞ്ഞിരാമൻ രചിച്ച വര്ഷമേഘങ്ങൾ എന്ന നോവൽ ബഹ്‌റൈൻ പ്രകാശനവും ഇതോടു അനുബന്ധിച്ചു നടന്നു .ബേബി ജോൺ മാസ്റ്ററിൽ നിന്നും മഹേഷ് മൊറാഴ പുസ്തകം ഏറ്റു വാങ്ങി .