മനാമ: ബഹ്റൈനിൽ കഴിഞ്ഞ ദിവസം കോവിഡ് -19 സ്ഥിരീകരിച്ച 66 വിദേശ തൊഴിലാളികളിൽ 47 പേരും ഇന്ത്യക്കാർ. ബഹ്റൈൻ ആരോഗ്യ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ നിലവിലെ വിവരങ്ങൾ പ്രകാരം ബഹ്റൈനിലെ കൊറോണ വൈറസ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 56 ആയി. രണ്ട് പേർ കഴിഞ്ഞ ദിവസം രോഗമുക്തി നേടി ആശുപത്രി വിട്ടിരുന്നു.
രോഗം സ്ഥിരീകരിച്ച വിദേശ തൊഴിലാളികളായ 66 പേരിൽ 47 ഇന്ത്യക്കാരെ കൂടാതെ 11 പേർ ബംഗ്ലാദേശികളും 8 പേർ നേപ്പാളികളുമാണ്. രണ്ടാഴ്ച മുൻപ് ഒരു തൊഴിലാളിക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് സൽമാബാദിലെ താമസ സ്ഥലത്ത് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു ഇവർ.
ലബോറട്ടറി പരിശോധനയിൽ രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇവരെ വിദേശ തൊഴിലാളികൾക്കായുള്ള ഐസൊലേഷൻ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച ആളുമായി സമ്പർക്കം പുലർത്തിയതിനെത്തുടർന്ന് എല്ലാ തൊഴിലാളികളെയും താമസ സ്ഥലത്തുതന്നെ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. ക്വാറൻറീനിൽ കഴിഞ്ഞവർ ഇതുവരെ പുറത്ത് പോയിട്ടില്ലെന്നും പ്രവാസികൾക്കിടയിൽ രോഗ വ്യാപനം ഉണ്ടായിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.
ഏപ്രിൽ 2 ന് വൈകിട്ട് 8 മണി വരെയുള്ള ബഹ്റൈൻ ആരോഗ്യ മന്ത്രാലയത്തിൻ്റെ റിപ്പോർട്ട് പ്രകാരം നിലവിൽ 258 പേരാണ് രാജ്യത്ത് കോവിഡ് രോഗ ചികിത്സയിൽ കഴിയുന്നത്. 44 പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗ മുക്തി നേടിയവരുടെ എണ്ണം 381 ആയി ഉയർന്നിട്ടുണ്ട്. മൂന്ന് പേരുടെ ഒഴികെ എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. നാല് പേരാണ് ഇതുവരെ രാജ്യത്ത് വൈറസ് ബാധയേറ്റ് മരണപ്പെട്ടിരിക്കുന്നത്. മരിച്ചവര്‍ക്കെല്ലാം വൈറസ് ബാധയേല്‍ക്കുന്നതിന് മുന്‍പ് തന്നെ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു.
അഭ്യൂഹങ്ങളിലും വ്യാജ വാര്‍ത്തകളിലും ജനങ്ങള്‍ വഞ്ചിതരാകരുതെന്നും വിവരങ്ങള്‍ക്കായി ഔദ്യോഗിക കേന്ദ്രങ്ങളെ സമീപ്പക്കണമെന്നും ആരോഗ്യ മന്ത്രാലയം ഓര്‍മ്മപ്പെടുത്തി. വിവരങ്ങൾക്ക് https://www.moh.gov.bh/COVID19/ ആരോഗ്യ മന്ത്രാലയത്തിൻ്റെ വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.