മനാമ: ബഹ്‌റൈനിലെ പഴം, പച്ചക്കറി ഇനങ്ങളുടെ വില 30 ശതമാനം കുറഞ്ഞു. മിനിസ്ട്രി ഓഫ് ഇന്‍ഡസ്ട്രി, കോമേഴ്‌സ് ആന്റ് ടൂറിസം പിടിച്ചെടുത്ത ഭക്ഷ്യ ഉത്പ്പന്നങ്ങളുടെ ആദ്യ ബാച്ച് കഴിഞ്ഞ ദിവസം ലേലത്തില്‍ വിറ്റിരുന്നു. വരും ദിവസങ്ങളിലും സമാനരീതിയില്‍ പിടിച്ചെടുത്തവ ലേലത്തില്‍ വില്‍ക്കുമെന്ന് മിനിസ്ട്രി ഓഫ് ഇന്‍ഡസ്ട്രി, കോമേഴ്‌സ് ആന്റ് ടൂറിസം മന്ത്രി സയിദ് ബിന്‍ റാഷിദ് അല്‍ സയാനി വ്യക്തമാക്കി. കോവിഡിന്റെ പശ്ചാത്തലത്തില്‍ സാധനങ്ങള്‍ വിലക്കൂട്ടി വില്‍പ്പന നടത്തുകയോ പൂഴ്ത്തി വെക്കുകയോ ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നേരത്തെ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
രാജ്യത്ത് കോവിഡ് വ്യാപനം പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെങ്കിലും ഭക്ഷ്യ വസ്തുക്കള്‍ക്ക് ക്ഷാമമുണ്ടാവില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രതികൂല സാഹചര്യം മുതലാക്കി കരിഞ്ചന്തയില്‍ സാധനങ്ങള്‍ വിറ്റാല്‍ കടുത്ത നിയമനടപടി നേരിടേണ്ടി വരുമെന്ന് മന്ത്രി സയിദ് ബിന്‍ റാഷിദ് അല്‍ സയാനി വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ലുലു ഗ്രൂപ്പും ഓള്‍ ഫുഡ് കമ്പനിയും ബഹ്‌റൈനിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ ഭക്ഷ്യ വസ്തുക്കളെത്തിച്ചിരുന്നു.
ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം 258 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതില്‍ മൂന്ന് പേരൊഴികെ എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്.