മനാമ: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ സേവനങ്ങളുമായി ജനറല്‍ ഡയറക്ട്രേറ്റ് ഓഫ് ട്രാഫിക്. നമ്പര്‍ പ്ലേറ്റ് ഉടമസ്ഥാവകാശ കൈമാറ്റം, വാഹനങ്ങളുടെ ഉടമസ്ഥാവകാശ കൈമാറ്റം, ഡ്രൈവിംഗ് ലൈസന്‍സ് മാറ്റി വാങ്ങുന്നത്, ലേണേഴ്‌സ് ലൈസന്‍സ് മാറ്റിയെടുക്കല്‍, പുതിയ നമ്പര്‍ പ്ലേറ്റ് സ്വന്തമാക്കുന്നത്, ലൈസന്‍സിന്റെയോ വാഹനങ്ങളുടെയോ ക്യാന്‍സലേഷന്‍ ഇന്‍ഷൂറന്‍സ് സര്‍ട്ടിഫിക്കറ്റ്, വയോധികരുടെ ലൈസന്‍സ് പുതുക്കല്‍ തുടങ്ങിയ സേവനങ്ങള്‍ ഇനി ഓണ്‍ലൈനായി ലഭിക്കും.
കൂടുതല്‍ നിര്‍ദേശങ്ങളും സഹായങ്ങളും ആവശ്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്‌കിപ്ലിനോ സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍ വഴി അപ്പോയിന്‍മെന്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. പുതിയ സാഹചര്യത്തില്‍ ഓഫീസുകളില്‍ നേരിട്ടെത്തുന്നത് ആള്‍ക്കൂട്ടങ്ങളുണ്ടാകാന്‍ കാരണമാകുമെന്ന് കണ്ടാണ് പുതിയ നീക്കം. ഇ-ട്രാഫിക് ആപ്ലിക്കേഷന്‍ വഴിയോ ഗവണ്‍മെന്റ് വെബ്‌സൈറ്റായ Bahrain.bh വഴിയും സേവനങ്ങള്‍ ലഭ്യമാകും. 24 മണിക്കൂറും സേവനങ്ങള്‍ ലഭ്യമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ബഹ്‌റൈനിലെ മിക്ക ഗവണ്‍മെന്റ് സര്‍വീസുകളും ഓണ്‍ലൈന്‍ വഴി ലഭ്യമാക്കാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുകയാണ്. ഓഫീസുകളില്‍ നേരിട്ടെത്തുന്നത് വൈറസ് വ്യാപനത്തിന് കാരണമാകുമെന്നതിനാലാണ് പുതിയ നീക്കം.