കേരളത്തിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത കാസർകോഡിന് ആശ്വാസമായി മൂന്നുപേർ ഇന്നലെ രോഗമുക്തരായി ആശുപത്രി വിട്ടു. നൂറിലേറെ കൊറോണ രോഗികളുള്ള കാസർഗോഡ് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗമുക്തരായ ഉദുമ നാലാംവാതുക്കലെ എൻ എച്ച് സുഹൈലും (31), അണങ്കൂർ തുരുത്തിയിലെ ടി എ ഇയാസും (27) ആണ് ശനിയാഴ്ച വീട്ടിലേക്ക് മടങ്ങിയത്. തളങ്കര പള്ളിക്കാലിലെ അബ്ദുൽ ഗഫൂർ (54) കഴിഞ്ഞ ആഴ്ച തന്നെ ആശുപത്രി വിട്ടിരുന്നു.
കാസർകോട് രോഗമുക്തരാകുന്ന ആദ്യ രോഗികളാണിവർ. വീട്ടിൽ ചെന്നാൽ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയാണ് ഇവരെ തിരിച്ചയച്ചത്. ഡോക്ടർ എം കുഞ്ഞിരാമൻ, ഡോക്ടർ പി കൃഷ്ണനായിക്, ഡോക്ടർ സി എച്ച് ജനാർദ്ദന നായിക്, ഡോക്ടർ കെ അപർണ്ണ, ഡോക്ടർ സുനിൽ ചന്ദ്രൻ, നഴ്സിങ് സൂപ്രണ്ട് സ്നിഷി, ഹെഡ് നഴ്സുമാരായ മിനി വിൻസൻറ്, സുധ ജോൺ, സ്റ്റാഫ് നഴ്സ് സലീം, ഡയറ്റീഷ്യൻ ഉദൈഫ് എന്നിവരായിരുന്നു ചികിത്സാ സംഘത്തിൽ.