മനാമ: ബഹ്റൈനിൽ 34കാരനായ ഒരു ഇന്ത്യക്കാരന് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. മാർച്ച് 19ന് ഇന്ത്യയിൽ നിന്നും ബഹ്റൈനിലെത്തിയ ഇദ്ദേഹം ആരോഗ്യ മന്ത്രാലയത്തിൻ്റെ നിർദ്ദേശ പ്രകാരം തുടർന്ന നിരീക്ഷണ ഘട്ടം (ക്വാറൻ്റീൻ) അവസാനിക്കവെയാണ് രോഗം സ്ഥിരീകരിച്ചത്. യാത്രാമധ്യേയും മറ്റുമാ യി ഇദ്ദേഹവുമായി ബന്ധം പുലർത്തിയവരെ നിരീക്ഷിച്ചു വരികയാണെന്ന് മന്ത്രാലയം ഔദ്യോഗിക വെബ്സൈറ്റിലൂടെ സൂചിപ്പിച്ചു.
ഇതോടെ ബഹ്റൈനിൽ കോവിഡ് രോഗബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 100 ആയി. അഞ്ചു പേർ രോഗമുക്തി നേടിയിട്ടുണ്ട്. 28 കാരനേയും 32 കാരിയേയും കൂടാതെ 61,39 വയസുള്ള രണ്ട് പേരാണ് പുതുതായി രോഗമുക്തരായത്. 95 ഇന്ത്യക്കാരാണ് നിലവിൽ ബഹ്റൈനിൽ ചികിത്സയിലുള്ളത്. ഇതിൽ 88 പേരും ലേബർ ക്യാമ്പിൽ നിരീക്ഷണത്തിൽ കഴിയവേ കോവിഡ് ബാധയേറ്റവരാണ്. പ്രവാസി സമൂഹത്തിൽ ഇതുവരെ കോവിഡ് വ്യാപനം ഉണ്ടായിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ന് (ഏപ്രിൽ 6) ഉച്ചക്ക് 2 മണി വരെയുള്ള വിവരങ്ങൾ പ്രകാരം ബഹ്റൈനിൽ ചികിത്സയിലുള്ള ആകെ രോഗബാധിതരുടെ എണ്ണം 268 ആണ്. 20 പേർ കൂടി രോഗമുക്തരാവുകയും 23 പേർക്ക് കൂടി ഇന്ന് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. നാല് പേരുടെ നില ഗുരുതരമാണ്. ആകെ 451 പേരാണ് ഇത് വരെ ബഹ്റൈനിൽ കോവിഡിൽ നിന്നും രോഗമുക്തി നേടി ആശുപത്രി വിട്ടത്. ഗൾഫ് മേഖലയിലെ തന്നെ ഏറ്റവും ഉയർന്ന രോഗമുക്തി നിരക്കാണ് ബഹ്റൈനിലേത്.