bahrainvartha-official-logo
Search
Close this search box.

‘ഇപ്പോഴാണ് ശ്വാസം വീണത്’; ഐക്യദീപം തെളിയിക്കല്‍ ഉയര്‍ത്തിയ ആശങ്ക വിവരിച്ച് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന്‍

KSEB

കൊച്ചി: കോവിഡ് പശ്ചാത്തലത്തില്‍ ഐക്യ ദീപം തെളിയിക്കാനായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശത്തിന്റെ അപകടത്തെക്കുറിച്ച് സൂചിപ്പിച്ച് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന്‍ ജയരാജന്‍ സി.എന്‍ എഴുതിയ കുറിപ്പ് വൈറലാകുന്നു. ഒന്നിച്ച് ലൈറ്റുകള്‍ ഓഫാക്കുന്നത് ഗ്രിഡുകള്‍ക്ക് തകരാറുണ്ടാക്കിയേക്കുമെന്ന് നേരത്തെ കെ.എസ്.ഇ.ബി കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരുന്നു. എന്നാല്‍ കെ.എസ്.ഇ.ബിയുടെ ആശങ്ക കേന്ദ്രം തള്ളി. കേരളത്തില്‍ വലിയ തോതില്‍ ഐക്യദീപം തെളിയിക്കല്‍ ഉണ്ടായിട്ടില്ലെന്ന് സോഷ്യല്‍ മീഡിയയിലും അഭിപ്രായമുയര്‍ന്നിട്ടുണ്ട്.

ഫേസ്​ബുക്ക്​ പോസ്​റ്റിൻെറ പൂർണരൂപം:

ഇപ്പോഴാണ് ശ്വാസം നേരേ വീണത്….
രാത്രി 9 മണി മുതൽ 9 മിനിട്ട് നേരം എല്ലാ വൈദ്യുതി ദീപങ്ങളും അണയ്ക്കാനുള്ള പ്രധാനമന്ത്രിയുടെ നിർദ്ദേശം പുറത്തുവന്ന നിമിഷം മുതൽ ഇന്ത്യയിൽ ഞാനടക്കമുള്ള എഞ്ചിനീയർമാർ തയ്യാറെടുപ്പുകളുടെ തിരക്കിലായിരുന്നു.
ഇതു കൊണ്ടു തന്നെ ഫേസ്ബുക്കിൽ എന്തെങ്കിലും എഴുതാനുള്ള മാനസികാവസ്ഥയും ഉണ്ടായിരുന്നില്ല …
പിന്നെ എന്തുകൊണ്ട് ഇപ്പോൾ എഴുതുന്നു എന്നതിന് “പ്രത്യേകം കാരണമുണ്ട്'” എന്നത് തന്നെയാണ് ഉത്തരം പറയാനുള്ളത്..

വിശദമായ കണക്കുകൾ വരാനിരിക്കുന്നുവെങ്കിലും പ്രാഥമിക വിലയിരുത്തലുകളിൽ പോലും ഇന്ത്യയിൽ 30000 മെഗാവാട്ടിന് മുകളിൽ ഒറ്റയടിക്ക് 9 മണിക്ക് കുറവു വന്നു… (കൃത്യം കണക്കല്ല) കേരളത്തിൽ എതാണ്ട് 6oo-7oo മെഗാവാട്ട് കുറവു വന്നു.

ഈ സമയത്ത് എല്ലാ ജനറേറ്റിങ്ങ് , ലോഡ് ഡിസ്പാച്ച് സ്റ്റേഷനുകളിലും ഓപ്പറേറ്റർമാർ , എന്നെപ്പോലെയുള്ള കൺട്രോൾ ആൻ്റ് പ്രൊട്ടക്ഷൻ എഞ്ചിനീയർമാർ ഒക്കെ ഇടപെട്ടുകൊണ്ട് ഫ്രീക്വൻസിയും വോൾട്ടേജുമൊക്കെ നിയന്ത്രണ വിധേയമാക്കി…. ഇതിന് വേണ്ട ആട്ടോമാറ്റിക് സംവിധാനങ്ങളിൽ വേണ്ട മാറ്റങ്ങൾ വരുത്തിയതിന് ശേഷമായിരുന്നു ഈ ഇടപെടലുകൾ..

9 മണി 9 മിനിട്ടായപ്പോൾ ഇതിന് വിപരീതമായ പ്രവർത്തനങ്ങളിൽ വ്യാപൃതരായി…
ഈ വീര ചരിത്രം അല്ല ഇവിടെ വിഷയം …കാരണം അതു ഞങ്ങളുടെ ജോലിയാണ് .. അതു ചെയ്യാൻ ബാദ്ധ്യസ്ഥരാണ്…

എന്നാൽ ഇത്തരം ഒരു സംഭവം മുൻപുണ്ടായിട്ടില്ല … അതിനാൽ എല്ലാം കൈവിട്ടു പോകാവുന്ന സാദ്ധ്യതകളും മുന്നിലുണ്ടായിരുന്നു … അതിനാലാണ് ഇത്രത്തോളം അച്ചടക്കത്തോടെ പ്രവർത്തിച്ച് ഈ സമയത്ത് പ്രശ്നങ്ങളൊന്നും ഉണ്ടാവാതെ ഭംഗിയായി കലാശിച്ചത്..

വായനക്കാരിൽ പലർക്കും അറിവില്ലാത്ത ,അനുഭവമില്ലാത്ത രണ്ടു സംഭവങ്ങൾ 2012 ജൂലൈ 30 , 31 തീയതികളിൽ വടക്കേ ഇന്ത്യയിലെ വൈദ്യുതി ശൃംഖലയിൽ സംഭവിച്ചിരുന്നു..
വൈദ്യുതി ശൃംഖല പരിപാലിക്കുന്നതിൽ വന്ന ശ്രദ്ധയുടെയും എകോപനത്തിൻ്റെയും കുറവ് കൊണ്ടു മാത്രം ഈ ദിവസങ്ങളിൽ വടക്കേ ഇന്ത്യയിലെ വൈദ്യുതി സമ്പൂർണ്ണമായി നഷ്ടപ്പെട്ടു… പടിഞ്ഞാറും കിഴക്കും കാര്യമായ തോതിൽ തകരാറ് ബാധിച്ചു …

അന്ന് 22 സംസ്ഥാനങ്ങൾ ഇരുട്ടിലായി … 60 കോടി ജനങ്ങൾക്ക് ആഗസ്റ്റ് ഒന്നു വരെ ദീപം കത്തിച്ച് വെളിച്ചം കാണേണ്ടി വന്നു… ഓടിക്കൊണ്ടിരുന്ന വൈദ്യുതി ട്രെയിനുകൾ നിശ്ചലമായി… വ്യവസായങ്ങൾ അടക്കം സകലതും നിർജീവമായി ..
ഇത് എന്തേ നമ്മളറിഞ്ഞില്ല എന്നതിന് കാരണമുണ്ട്. ദക്ഷിണേന്ത്യൻ വൈദ്യുതി ഗ്രിഡ് അത്രയ്ക്ക് അച്ചടക്കമുള്ളതാണ് … അതിനാൽ വടക്കേ ഇന്ത്യയിലെ തകർച്ച പടിഞ്ഞാറും കിഴക്കും ബാധിച്ചപ്പോഴും തെക്കോട്ട് ബാധിച്ചില്ല.

പക്ഷേ പിന്നീട് കേന്ദ്ര വൈദ്യുതി മന്ത്രാലയം കാര്യങ്ങൾ കർശനമാക്കി … ഇതിൻെറ ഫലമായി മൂന്നു മാസത്തിലൊരിക്കൽ ബാംഗ്ലൂരിലെ കേന്ദ്രത്തിൽ ഇത്തരം തകരാറുകൾ ചർച്ച ചെയ്യുന്നതിന് പകരം മാസം തോറും ചർച്ച ചെയ്യുന്ന രീതി വന്നു… (ഈയുള്ളവൻ KSEB യെ പ്രതിനിധീകരിച്ച വർഷങ്ങളായി ഈ മീറ്റിങ്ങുകളിൽ മാസം തോറും പങ്കെടുക്കുന്നുണ്ട്..)

പറഞ്ഞു വന്നത് , ഇത്തരം വിളക്കു കെടുത്തലുകൾക്ക് പിന്നിൽ ഒരു അപകട സാദ്ധ്യത കൂടി ഉണ്ടായിരുന്നു എന്നതാണ്… ആ സമയത്ത് വലിയ ലോഡുകൾ വഹിക്കുന്ന ലൈനുകളോ ജനറേറ്ററുകളോ ഏതെങ്കിലും തകരാറായാൽ (ഈ ദീപം കെടുത്തുമ്പോഴുള്ള വ്യതിയാനങ്ങളുടെ ഫലമായി സംഭവിക്കാനുള്ള സാദ്ധ്യതകൾ അപ്പാടെ തള്ളിക്കളയാൻ പറ്റില്ല ). പിന്നീടുണ്ടാകുന്ന പുതിയ സാഹചര്യങ്ങൾ നമുക്ക് കൃത്യമായി പറയാൻ നമ്മൾ അത്തരം അനുഭവങ്ങളുടെ അഭാവത്തിൽ സാദ്ധ്യമല്ലാത്തതിനാൽ (നമ്മൾ അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ വൈദ്യുതി ശൃഖലയിൽ ബോധപൂർവ്വം കുഴപ്പങ്ങൾ വരുത്തി mockdrills നടത്താറുണ്ട്. അത്തരം ഒരനുഭവം ഇവിടെയില്ല) ഒരു വൈദ്യുതിത്തകർച്ച തള്ളിക്കളയാൻ കഴിയില്ല …

അപ്പോൾ പ്രധാനമന്ത്രി ഇത്തരമൊരു നിർദ്ദേശം പറയുമ്പോൾ ഇക്കാര്യം അറിയാവുന്ന സി ഇ എ അടക്കമുള്ള സ്ഥാപനങ്ങളിലെ ഉന്നതർ അദ്ദേഹത്തെ ഈ ഗൗരവകരമായ കാര്യങ്ങൾ ശ്രദ്ധയിൽ പെടുത്തേണ്ടതായിരുന്നില്ലേ?

മറ്റേതെങ്കിലും സമയത്തായിരുന്നുവെങ്കിൽ നമുക്ക് ഇതൊരു സാങ്കേതിക വെല്ലുവിളിയായി എടുത്ത് എല്ലാ തയ്യാറെടുപ്പുകളോടെ ഇതിനെ അഭിമുഖീകരിക്കാമായിരുന്നു …
എന്നാൽ രാജ്യം ലോകത്തോടൊപ്പം അതിഭീകരമായ ഒരു പകർച്ച വ്യാധിയെ അഭിമുഖീകരിക്കും വേളയിൽ , നിരവധി രോഗികൾ അടിയന്തിര ചികിത്സ തേടി ആശുപത്രികളിൽ കഴിയുമ്പോൾ , രോഗത്തിൻ്റെ വ്യാപനം ദിനം പ്രതി കൂടുമ്പോൾ അന്നത്തെപ്പോലെ വൈദ്യുതി ഗ്രിഡ് തകർന്നിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി?

കൂടുതൽ വിശദീകരിക്കുന്നില്ല ..
ജനങ്ങളുടെ ജാഗ്രതയാണ് , ഇടപെടലുകളാണ് ഭരണാധികാരികളെ തെറ്റുകളിൽ നിന്ന് വഴിമാറ്റേണ്ടത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!