മനാമ: കഴിഞ്ഞ ദിവസം അന്തരിച്ചു മലയാളത്തിലെ എക്കാലത്തെയും പ്രിയപ്പെട്ട ഗാനങ്ങൾ ചിട്ടപ്പെടുത്തിയ എം.കെ അർജുനൻ മാഷിൻ്റെ വിയോഗത്തിൽ ബഹറിൻ കേരളീയ സമാജത്തിനു വേണ്ടി പ്രസിഡണ്ട് ശ്രീ.പി.വി രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി ശ്രീ.വർഗ്ഗീസ് കാരക്കലും അനുശോചനം രേഖപ്പെടുത്തി.
ചെമ്പകത്തൈകൾ പൂത്താൽ എന്നു തുടങ്ങുന്ന പ്രണയഗാനമടക്കം, കസ്തുരി മണക്കുന്നല്ലോ കാറ്റേ, തളിർ വലയോ, ഭാമിനീ ഭാമിനീ, മാനത്തിൻ മുറ്റത്ത്, ചെട്ടികുളങ്ങര ഭരണി നാളിൽ തുടങ്ങി തലമുറകളെ അതിജീവിച്ച ഗാനങ്ങൾ സമ്മാനിച്ച അർജുനൻ മാഷ് തന്നെയാണ് എ ആർ റഹ്മാനിലെ സംഗീത സിദ്ധിയെ ആദ്യം തിരിച്ചറിഞ്ഞ് അവസരം നൽകിയത്.
സംഗീത മേഖലയിൽ സാത്വികനായ സംഗീതജ്ഞനായി ജീവിച്ച അർജുനൻ മാഷിൻ്റെ വിയോഗം മലയാളത്തിനും മലയാളികൾക്കും വേദനജനകമാണെന്നും ഈ പ്രതിസന്ധി ഘട്ടത്തിലെ വിയോഗം കൂടുതൽ സങ്കടകരമാണെങ്കിലും ലോക മലയാളികൾക്കൊപ്പം ബഹ്റൈൻ കേരളീയ സമാജവും ആദരാജ്ഞലികൾ സമർപ്പിക്കുന്നതായും സമാജം ഭാരവാഹികൾ അനുശോചനക്കുറിപ്പിലൂടെ അറിയിച്ചു.