മനാമ: 185 രാജ്യത്തിലധികം പടർന്ന് പിടിച്ചിരിക്കുന്ന കോറോണ ബഹ്റൈനിലെ വിവിധ മേഖലകളിലെ സാധാരണക്കാരായ തൊഴിലാളികൾക്കിടയിൽ വലിയതോതിൽ സാമ്പത്തികവും സാമൂഹികവുമായ പ്രയാസങ്ങൾ സൃഷ്ടിക്കപ്പെട്ടതായി അനുഭവപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ സഹായ പ്രവർത്തനങ്ങളിൽ പങ്കു ചേർന്ന് ബഹ്റൈൻ പ്രതിഭയും. പ്രയാസമനുഭവിക്കുന്ന ആളുകളെ കണ്ടെത്തി അവർ ഒറ്റക്കല്ല എന്ന് ധരിപ്പിക്കലും അവരുടെ നിത്യജീവിതത്തിനാവശ്യമായ ഭക്ഷ്യവസ്തുക്കൾ വാങ്ങിക്കുവാൻ സഹായിക്കലും പൊതു പ്രവാസി സമൂഹത്തിനുത്തരവാദിത്തമാണ്. അതിനാലാണ് ബഹ്റൈൻ കേരളീയ സമാജം നൽകുന്ന ആയിരം കിറ്റുകളിൽ നൂറ് കിറ്റുകൾ ബഹ്റൈൻ പ്രതിഭയും നൽകി സഹകരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
ഒപ്പം പ്രതിഭ ഹെൽപ്പ് ലൈൻ, മുഹറഖ്, റിഫ, മനാമ, സൽമാബാദ് എന്നീ നാലു മേഖലകൾ കേന്ദ്രീകരിച്ച് തൊഴിലാളികളെ കണ്ടെത്തി നേരിട്ട് നൽകാനുള്ള പ്രവർത്തനവും തുടർന്നു വരികയാണ്. തൊഴിലിടങ്ങൾ താൽക്കാലികമായി നിർത്തി വെച്ചിരിക്കുന്നതിനാൽ മലയാളികൾ ഉൾപ്പെടെയുള്ള നിരവധിപേരാണ് ഭക്ഷ്യവസ്തുക്കൾ വാങ്ങിക്കുവാൻ പ്രയാസമനുഭവിച്ചു കൊണ്ടിരിക്കുന്നത്. മറ്റ് സംസ്ഥാന തൊഴിലാളികളുൾപ്പെടെയുള്ള എല്ലാവർക്കും ഭക്ഷ്യവസ്തുക്കളുടെ കിറ്റ് വിതരണം ചെയ്യും. മനുഷ്യത്വപൂർണമായ ഈ പ്രവർത്തനങ്ങൾക്ക് സഹായ സഹകരണങ്ങൾ നൽകിയ പ്രതിഭ അംഗങ്ങൾ, സാമൂഹിക പ്രതിബദ്ധതയുള്ള സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവർക്ക് ബഹ്റൈൻ പ്രതിഭ നന്ദി രേഖപെടുത്തുന്നതായും ഒപ്പം കോവിഡ് – 19 നെ നിയന്ത്രിക്കാൻ ബഹ്റൈൻ ആരോഗ്യ ആഭ്യന്തര മന്ത്രാലയങ്ങൾ ചെയ്ത് കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ വിജയിപ്പിക്കാൻ അതാത് സമയത്ത് നൽകുന്ന നിർദ്ദേശങ്ങൾ ജീവിതത്തിൽ പാലിച്ചു കൊണ്ട് പ്രവാസി സമുഹം മാതൃകാപരമായി പെരുമാറണമെന്നും പ്രതിഭ പ്രസിഡണ്ട് കെ.എം സതീഷ്, ജനറൽ സെക്രട്ടറി ലിവിൻ കുമാർ എന്നിവർ അറിയിച്ചു.