കോഴിക്കോട്: പ്രമുഖ ചലച്ചിത്ര താരം ശശി കലിംഗ എന്ന വി.ചന്ദ്രകുമാർ (59) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ഏറെ നാളായി കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
പാലേരി മാണിക്യം, പ്രാഞ്ചിയേട്ടൻ, കേരള കഫേ, വെള്ളിമൂങ്ങ, ആമേൻ, അമർ അക്ബർ അന്തോണി തുടങ്ങി നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മലയാള നാടകവേദിയില്‍ നിന്നും ചലച്ചിത്ര ലോകത്തേക്ക് എത്തപ്പെട്ട താരമാണ് അദ്ദേഹം.
ഇരുപത്തിയഞ്ച് വർഷത്തോളം നാടകരംഗത്ത് പ്രവർത്തിച്ചു. പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാളചലച്ചിത്ര രംഗത്ത് പ്രവേശിച്ചത്. ചലച്ചിത്രസംവിധായകൻ രഞ്ജിത്താണ് നാടകട്രൂപ്പിന്റെ പേരായ കലിംഗ ഒപ്പം ചേർത്തത്.
ശശി കലിംഗയുടെ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ച് നിരവധി മീമുകൾ സോഷ്യൽ മീഡിയയിൽ വരാറുണ്ട്.
നാടകം കൂടാതെ നിരവധി ടെലിവിഷൻ സീരിയലുകളിലും ഏഷ്യാനെറ്റിൽ മുൻഷി എന്ന ദിനപരമ്പരയിലും അഭിനയിച്ചിരുന്നു. അമ്മാവന്റെ സ്റ്റേജ് ഇന്ത്യ നാടകട്രൂപ്പിന്റെ രണ്ടാമതു നാടകമായ ‘സാക്ഷാത്കാര’ത്തിലാണ് ആദ്യമായി അഭിനയിച്ചത്. 500-ലധികം നാടകങ്ങളിലും ശശി അഭിനയിച്ചിട്ടുണ്ട്.
പിതാവ്: ചന്ദ്രശേഖരൻ നായർ, അമ്മ: സുകുമാരി, ഭാര്യ: പ്രഭാവതി.