മനാമ: ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധത്തിലെ പുരോഗതിയും കോവിഡ് സാഹചര്യവും ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു. കോവിഡിനെ നേരിടാൻ ബഹ്റൈൻ നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് നരേന്ദ്ര മോദി ചൂണ്ടിക്കാണിച്ചു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ ഹമദ് രാജാവ് നൽകുന്ന സംഭാവനയെ നരേന്ദ്ര മോദി പ്രശംസിച്ചു.
രാജ്യത്തെ സ്വദേശികളുടെ പ്രവാസികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുകയെന്നത് ബഹ്റൈൻ ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് ഹമദ് രാജാവ് ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര തലത്തിലും ആഭ്യന്തര തലത്തിലും സമാധാനം ഉറപ്പുവരുത്തുന്നതിൽ ഇന്ത്യ നിർണായക പങ്കുവഹിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുമെന്നാണ് സൂചന. കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ ഇരു രാജ്യങ്ങളും സഹകരണത്തോടെ പ്രവർത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ. വിഷയം ഇരുവരും ചർച്ച ചെയ്തിരുന്നു.