മാനന്തവാടി: കോവിഡ്-19 വൈറസ് ബാധിച്ച് വയനാട് ജില്ലയില്‍ ചികിത്സയിലുണ്ടായിരുന്ന മൂന്നു രോഗികളില്‍ രണ്ട് പേര്‍ക്ക് രോഗമുക്തരായി. തൊണ്ടര്‍നാട് കുഞ്ഞോം കോക്കോട്ടില്‍ ആലിക്കുട്ടി (52) കമ്പളക്കാട് മുക്കില്‍ വളപ്പില്‍ അബ്ദുള്‍ റസാഖ് (56) എന്നിവരാണ് രോഗവിമുക്തരായത്. ഇനിയുള്ള 28 ദിവസം ഇരുവരും വീട്ടു നിരീക്ഷണത്തില്‍ കഴിയും. ഇതോടെ വയനാട് ജില്ലയില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത് ഒരാള്‍ മാത്രമായി ചുരുങ്ങി.
വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ ഇരുവരും പൂര്‍ണമായും രോഗമുക്തരായെന്ന് ജില്ലാ ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ആശുപത്രിയിലുള്ള എല്ലാവരും കൈയ്യടിച്ചാണ് ഇരുവരെയും യാത്രയാക്കിയത്. ഒ.ആര്‍.കേളു എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസി.കെ.ബി.നസീമ, നഗരസഭ ചെയര്‍മാന്‍ വി.ആര്‍.പ്രവീജ്, ജില്ല പഞ്ചായത്ത് ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷ എ .ദേവകി, നഗരസഭ വികസന കാര്യ ചെയര്‍മാന്‍ പി.ടി.ബിജു, ജില്ല ആശുപത്രി സൂപ്രണ്ട് ഡോ.എം.ദിനേശ് തുടങ്ങിയവര്‍ ആശുപത്രിയില്‍ എത്തിയിരുന്നു.
നിലവില്‍ വയനാട് ജില്ലയിലെ സ്ഥിതിഗതികള്‍ പൂര്‍ണമായും നിയന്ത്രണ വിധേയമാണ്. കാസര്‍ഗോഡ്, എറണാകുളം ജില്ലയിലാണ് എണ്ണത്തില്‍ കൂടുതല്‍ രോഗികള്‍ ചികിത്സയില്‍ കഴിയുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ സംസ്ഥാനത്ത് രോഗമുക്തരാകുമെന്നാണ് ആരോഗ്യ വകുപ്പ് പ്രതീക്ഷിക്കുന്നത്.