മനാമ: ബഹ്‌റൈനിലെ വാണിജ്യ സ്ഥാപനങ്ങള്‍ കര്‍ശന നിയന്ത്രണങ്ങളോടെ ഇന്ന് (ഏപ്രില്‍ 9 വ്യാഴം) വൈകീട്ട് 7 ഏഴിന് തുറക്കും. നേരത്തെ മാര്‍ച്ച് 26 മുതല്‍ ഏപ്രില്‍ 9 വൈകീട്ട് ഏഴ് വരെയാണ് രാജ്യത്ത് വാണിജ്യ സ്ഥാപനങ്ങള്‍ അടച്ചിടുന്നത് ഉള്‍പ്പെടെ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. കോവിഡ് നിയന്ത്രണ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായിരുന്നു നീക്കം. അതേസമയം പൊതുഇടങ്ങളില്‍ ഇറങ്ങുന്നവര്‍ നിര്‍ബന്ധമായും മാസ്ക് ധരിച്ചിരിക്കണം.
പ്രതിരോധ നടപടികള്‍ തുടരുന്നതിന്റെ ഭാഗമായി കര്‍ശന നിര്‍ദേശങ്ങള്‍ പാലിച്ചാവും വാണിജ്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുക. സലൂണുകള്‍, സിനിമ തിയറ്ററുകള്‍, ജിനേഷ്യം, നീന്തല്‍ കുളങ്ങള്‍, സ്വകാര്യ കായിക പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങിയവ അടച്ചിടുന്നത് തുടരും. അത്യാവശ്യമല്ലാത്ത മെഡിക്കല്‍ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കില്ല.
5 ലധികം പേര്‍ പൊതു ഇടങ്ങളില്‍ ഒത്തുചേരുന്നതിനുള്ള നിയന്ത്രണം തുടരും. സ്വകാര്യ മേഖല വര്‍ക്ക് ഫ്രം ഹോം രീതി തന്നെ പരമാവധി പിന്തുടരണം. ഹോട്ടലുകളിലെ ടേക്ക് എവേ – ഡെലിവറി കൗണ്ടറുകള്‍ മാത്രമെ പ്രവര്‍ത്തിക്കാന്‍ പാടുള്ളു. സ്റ്റോറുകളില്‍ പ്രവൃത്തി സമയത്തെ ആദ്യ മണിക്കൂറകള്‍ പ്രായമായവര്‍ക്കും ഗര്‍ഭിണികള്‍ക്കുമായി റിസര്‍വ് ചെയ്യുന്നത് തുടരണം. സാനിറ്റൈസറുകളും ഉപയോഗിക്കുന്നതും ശുചിത്വം പാലിക്കുന്ന നടപടിക്രമങ്ങളും എല്ലാവരും തുടരണം.