മനാമ: കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ പുതിയ അധ്യയന വർഷത്തെ പാഠപുസ്തകങ്ങൾ എല്ലാ വിദ്യാർത്ഥികളുടെയും വീടുകളിൽ എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ അറിയിച്ചു. ബഹ്‌റൈനിൽ കോവിഡ് -19 ന്റെ ഭാഗമായ മാർഗ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് 2020-21 അധ്യയന വർഷത്തെ ക്ളാസുകൾ ഓൺലൈൻ സംവിധാനത്തിൽ പ്രാവർത്തികമാക്കാനുള്ള നടപടികൾ സ്‌കൂളിൽ പുരോഗമിച്ചു വരുന്നുണ്ട്.
സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ആയിരത്തോളം കുട്ടികൾക്ക് ഇപ്പോൾ തന്നെ ഇന്ത്യൻ സ്‌കൂൾ ഫീസ് ഇളവ് നൽകിവരുന്നുണ്ട്. എന്നാൽ കോവിഡ് 19 ന്റെ ഭാഗമായി നിരവധി രക്ഷിതാക്കൾക്ക് ജോലി നഷ്ടപ്പെടുകയും സാമ്പത്തിക ബുദ്ധിമുട്ടിനു ഇടയാക്കുകയും ചെയ്യുന്നുണ്ട്. ഇപ്രകാരം വളരെ കഷ്ടപ്പെടുന്ന രക്ഷിതാക്കളിൽ നിന്ന് ഫീസ് ഇളവിനായി ധാരാളം പുതിയ അപേക്ഷകൾ സ്‌കൂളിന് ലഭിച്ചുവരുന്നു. ഗൾഫ് രാജ്യങ്ങളിലെ തന്നെ ഏറ്റവും കുറഞ്ഞ ഫീസ് ഇടാക്കി തീർത്തും ലാഭരഹിതമായി പ്രവർത്തിക്കുന്ന ഇന്ത്യൻ സ്‌കൂൾ ബഹ്റൈന് താങ്ങാവുന്നതിലും അപ്പുറമാണ് ഈ അപേക്ഷകൾ. ഈ സാഹചര്യത്തിൽ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന രക്ഷിതാക്കൾക്കു തുണയേകാൻ ആവശ്യമായ സാമ്പത്തിക വിഭവ സമാഹരണത്തിന് സഹായിക്കുവാൻ തയ്യാറുള്ള ഇന്ത്യൻ സ്‌കൂൾ രക്ഷിതാക്കൾ, സാമൂഹിക പ്രസ്ഥാനങ്ങൾ അടക്കമുള്ള മുഴുവൻ ഇന്ത്യൻ സമൂഹത്തിന്റെയും പിന്തുണ അഭ്യർത്ഥിക്കുന്നതായും ചെയർമാൻ പ്രിൻസ് എസ് നടരാജൻ അറിയിച്ചു.
ഏപ്രിൽ മാസം മുതൽ സ്‌കൂൾ തുറക്കുന്നതു വരെ ട്രാൻസ്‌പോർട്ട് ഫീസ് വാങ്ങേണ്ടതില്ലെന്നു സ്‌കൂൾ ഭരണ സമിതി തീരുമാനിച്ചിട്ടുണ്ട്. ഏപ്രിലിൽ ഇതിനകം ട്രാൻസ്‌പോർട് ഫീ അടച്ചവർക്കു അതു സ്‌കൂൾ ഫീസിൽ ഇളവുചെയ്തു കൊടുക്കും. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർഥികളെയും അവരുടെ കുടുംബങ്ങളെയും ഭരണ സമിതിയുടെ നേതൃത്വത്തിൽ സ്‌കൂൾ അധ്യാപകരുടെയും അഭ്യുദയകാംഷികളുടെയും സഹകരണത്തോടെ ഇപ്പോൾ തന്നെ സഹായിക്കുന്നുണ്ട്. അത്തരം കുടുംബങ്ങളുടെ സ്വകാര്യത മാനിച്ച് തീർത്തും രഹസ്യ സ്വഭാവത്തോടെയാണ് സ്‌കൂളിന്റെ സഹായ പ്രവർത്തങ്ങൾ നടത്തി വരുന്നത്. കോവിഡ് 19 ന്റെ ഭീഷണിയുടെ സാഹചര്യത്തിൽ രക്ഷാകർതൃ സമൂഹത്തിലേതടക്കം ഇന്ത്യൻ സമൂഹത്തിലെ ആർക്കെങ്കിലും ദൈനംദിന ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നതിന് അനിവാര്യമായ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ സ്കൂൾ മാനേജ്മെന്റിനെയോ, അഭ്യുദയകാംഷികളെയോ, അധ്യാപകരെയോ സമീപിച്ചാൽ സ്‌കൂളിന്റെ പരിമിതിക്കുള്ളിൽ നിന്നു ചെയ്തുകൊടുക്കുമെന്നും ചെയർമാൻ പ്രിൻസ് നടരാജനും സ്‌കൂൾ സെക്രട്ടറി സജി ആന്റണിയും അറിയിച്ചു.
ഏപ്രിൽ 12 നാണു പുതിയ അധ്യയന വർഷത്തെ ക്ളാസുകൾ ആരംഭിക്കുന്നത്. അതിനു മുന്നോടിയായി പത്തും പന്ത്രണ്ടും ക്‌ളാസുകളിലെ അധ്യാപകർ മുൻകൂട്ടി റെക്കോർഡ് ചെയ്ത വിഡിയോ ക്ളാസുകളും അനുബന്ധ നോട്സുകളും സ്‌കൂളിന്റെ പേരന്റ്സ് പോർട്ടലിൽ അപ്‌ലോഡ് ചെയ്തതായി പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി അറിയിച്ചു. വിദ്യാഭ്യാസ മന്ത്രാലയ ലയത്തിന്റെ മാർഗ നിർദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ടാണ് ഇപ്പോൾ സ്‌കൂളിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നത്. പുതിയ അധ്യയന വർഷത്തെ ക്‌ളാസുകൾ തുടങ്ങുന്നതിന്റെ വിശദ വിവരങ്ങൾ രക്ഷിതാക്കളെ നേരിട്ടറിയിക്കുമെന്നു പ്രിൻസിപ്പൽ വി ആർ പളനിസ്വാമിയും റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യറും പറഞ്ഞു.