മനാമ: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യാന്തര വിമാനങ്ങള്‍ നിര്‍ത്തിവെച്ച സാഹചര്യ ത്തില്‍ യാത്ര മുടങ്ങുകയും നാട്ടിലേക്ക് വരാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന പ്രവാസികള്‍ക്ക് യാത്രക്കുള്ള സൗകര്യം ഒരുക്കണമെന്ന് രിസാല സ്റ്റഡി സര്‍ക്കിള്‍ അധികാരികളോട് ആവശ്യപ്പെട്ടു. നാട്ടിലെ സ്ഥിതിഗതികളെക്കുറിച്ച് ബോധവാന്മാരാണ് പ്രവാസികള്‍. എങ്കിലും ക്വാറന്റൈന്‍ ഉള്‍പ്പെടെയുള്ള മുന്‍കരുതല്‍ കാലയളവ് നാട്ടില്‍ കഴിയണമെന്ന് ആഗ്രഹിക്കുന്നവരാണ് പലരും. നിലവില്‍ അറബ് രാജ്യങ്ങള്‍ അടിയന്തര സേവനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ നിലനില്‍ക്കുന്ന ലോക്ഡൗണ്‍ കാരണം യാത്രാ വിമാനങ്ങള്‍ ഇറങ്ങാനുള്ള സാഹചര്യമില്ല.
ഉറ്റവര്‍ക്കും മറ്റും സംഭവിക്കുന്ന അത്യാഹിത സമയങ്ങളിലോ സ്വയം സുരക്ഷയും അഭയവും ഉറപ്പിക്കുന്ന തിനോ പ്രവാസികള്‍ സ്വന്തം ദുഃഖം കടിച്ചമര്‍ത്തി കഴിയേണ്ട അവസ്ഥയാണ്. ഇത് പരിഹരിക്കുന്നതിന് എല്ലാ ക്രമീകരണങ്ങളോടും കൂടി കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തര പ്രാധാന്യത്തോടെ ഇടപെടണമെന്ന് ആര്‍ എസ് സി ഗള്‍ഫ് കൗണ്‍സില്‍ ആവശ്യപ്പെട്ടു.
വാര്‍ഷിക അവധി നേരത്തേ എടുത്ത് അവരവരുടെ രാജ്യങ്ങളിലേക്ക് മടങ്ങാന്‍ സ്വകാര്യ കമ്പനികള്‍ ജോലിക്കാര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഒപ്പം വിവിധ പ്രവാസി സംഘടനകള്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ തയ്യാര്‍ ചെയ്യാനുള്ള ഒരുക്കത്തിലുമാണ്. രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ മുഖ്യചാലകമായ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് വിദേശ കാര്യ മന്ത്രാലയവും സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും സത്വര നടപടികള്‍ കൈക്കൊള്ളണമെന്നും രിസാല സ്റ്റഡി സര്‍ക്കിള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.