ബഹ്റൈനിൽ എണ്ണ മേഖലയിൽ മുപ്പത് ദശലക്ഷം ഡോളറിന്റെ നിക്ഷേപ പദ്ധതി

മനാമ : ബഹ്റൈനിൽ എണ്ണ മേഖലയിൽ കൂടുതൽ നിക്ഷേപം നടത്തുവാനും വലിയ പദ്ധതികൾ ആരംഭിക്കുവാനും മന്ത്രിസഭായോഗം തീരുമാനിച്ചു. എണ്ണ മേഖലയിൽ മുപ്പത് ദശലക്ഷം ഡോളറിന്റെ നിക്ഷേപ പദ്ധതി ആരംഭിക്കാൻ ഇറ്റാലിയൻ കമ്പനിയുമായി സർക്കാർ കഴിഞ്ഞ ദിവസം ധാരണാ പത്രം ഒപ്പു വെച്ചിരുന്നു.

ബഹ്റൈനിലെ എണ്ണ, പ്രകൃതിവാതകം എന്നീ മേഖലയുടെ വളര്‍ച്ചക്കും വികസനത്തിനും ഊന്നല്‍ നല്‍കാനാണ് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭായോഗത്തിൻ്റെ തീരുമാനം. അന്താരാഷ്ട്ര വിപണയിൽ മത്സരം ഉറപ്പുവരുത്തുന്ന തരത്തില്‍ ഈ മേഖലയില്‍ കൂടുതല്‍ നിക്ഷേപ സംരംഭങ്ങള്‍ ആരംഭിക്കും. രാജ്യത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ മുതല്‍മുടക്കായിരിക്കും ഇതിനുണ്ടാവുക. ഏകദേശം എട്ട് ബില്ല്യണ്‍ ഡോളർ മൂലധനം ഇതിനായി ആദ്യഘട്ടത്തില്‍ ഉപയോഗപ്പെടുത്തപ്പെടും. പിന്നീട് മൊത്തം 32 ബില്യണ്‍ ഡോളറിെൻറ പദ്ധതികളായി ഇത് വികസിപ്പിക്കും. ബഹ്റൈന്‍ നാഷനല്‍ ഗ്യാസ് കമ്പനിയുടെ നവീകരണം, ലിക്വിഫൈഡ് ഗ്യാസ് ടെര്‍മിനല്‍ വിപുലീകരണ പദ്ധതി, വാതക പൈപ്പ് ലൈന്‍ പദ്ധതി, ബാപ്കോ വികസന പദ്ധതി, എയര്‍പോര്‍ട്ട് ഇന്ധന സംഭരണ കേന്ദ്രം എന്നിവക്കും കാബിനറ്റ് അംഗീകാരം നൽകി.ബഹ്റൈനിലെ എണ്ണ മേഖലയിൽ 30 ദശലക്ഷം ഡോളറിന്റെ നിക്ഷേപ പദ്ധതിയുമായി പ്രമുഖ ഇറ്റാലിയൻ ബഹുരാഷ്ട്ര കമ്പനിയായ ‘എനി’യുമായി ബഹ്റൈന്‍ നാഷനല്‍ ഗ്യാസ് ആൻറ് ഓയില്‍ അതോറിറ്റിയും തമ്മില്‍ സഹകരണക്കരാറില്‍ ഒപ്പുവെച്ചത് രാജ്യത്തിൻ്റെ വളർച്ചക്ക് ഗുണകരമാകുമെന്ന് കാബിനറ്റ് യോഗം വിലയിരുത്തി. കഴിഞ്ഞ വർഷമാണ് രാജ്യത്ത് ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണശേഖരം കണ്ടെത്തിയത്. സുസ്ഥിര വളർച്ച കൈവരിക്കാനായി ഈ രംഗത്ത് നൂതന പദ്ധതികൾ ആവിഷ്കരിക്കുമെന്ന് എണ്ണ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ ഖലീഫ ആൽ ഖലീഫ വ്യക്തമാക്കി.