മനാമ: കോവിഡ് 19 പരിശോധന വേഗത്തിലാക്കുന്നതിന്റെ ഭാഗമായി ഡ്രൈവ് ത്രൂ കേന്ദ്രം ആരംഭിച്ച് ആരോഗ്യ മന്ത്രാലയം. ബഹ്‌റൈന്‍ ഇന്റര്‍നാഷനല്‍ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിച്ച കേന്ദ്രത്തില്‍ നിന്ന് 5 മിനിറ്റുകൊണ്ട് പരിശോധന പൂര്‍ത്തിയാക്കാവുന്നതാണ്. ആരോഗ്യ മന്ത്രി ഫാഇഖ ബിന്‍ത് സഈദ് അസ്സാലിഹാണ് കേന്ദ്രം ഉദ്ഘാടനം ചെയ്തത്. രാജ്യം നടത്തുന്ന കൊറോണ വിരുദ്ധ പോരാട്ടത്തിന് പുതിയ നീക്കം മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പരിശോധനയ്ക്കായി എത്തുന്നവര്‍ വാഹനത്തില്‍ നിന്ന് ഇറങ്ങാതെ തന്നെ ശ്രവം ശേഖരിക്കാന്‍ പുതിയ കേന്ദ്രത്തിന് സാധിക്കും. വ്യക്തികളുടെ ആരോഗ്യ വിവരങ്ങള്‍ ശേഖരിക്കാനും ശ്രവ സാമ്പിള്‍ എടുക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വെറും അഞ്ച് മിനിറ്റിനുള്ളില്‍ പൂര്‍ത്തീകരിക്കാനാവും. പിന്നീട് ആരോഗ്യ മന്ത്രാലയത്തിന്റെ വെബ് സൈറ്റ് വഴി പരിശോധനാ ഫലം അറിയാന്‍ കഴിയുന്നതാണ്. എല്ലാ ദിവസവും രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെ കേന്ദ്രം പ്രവര്‍ത്തിക്കും.
കേന്ദ്രത്തില്‍ ശ്രവം നല്‍കാനായി എത്തുന്നവര്‍ BeAware ആപ്പ് വഴി ബുക്ക് ചെയ്യണം. നിരീക്ഷണ കാലാവധി അവസാനിക്കാന്‍ മൂന്ന് ദിവസം ബാക്കിയുള്ളപ്പോഴാണ് ബുക്ക് ചെയ്യേണ്ടത്. സ്വയം നിരീക്ഷണ കേന്ദ്രത്തില്‍ കഴിയുന്നവര്‍ക്ക് രോഗമില്ലെന്ന് ഉറപ്പു വരുത്തുന്നതിന് വേണ്ടിയാണ് ഡ്രൈവ് ത്രൂ കേന്ദ്രം ആരംഭിച്ചിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.