മനാമ: ഭീതിയില്‍ കഴിയുന്ന പ്രവാസികളെ നാട്ടിലെത്തിക്കാന്‍ വിദേശ മന്ത്രാലയം അടിയന്തിരമായി ഇടപെടെണമെന്ന് കെഎംസിസി ബഹ്റൈന്‍. ഓരോ ഭരണകൂടത്തിന്റെയും ഉത്തരവാദിത്തമാണ് തങ്ങളുടെ പൗരന്മാരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തല്‍. സ്വന്തം നാട്ടിലായാലും മറു നാട്ടില്‍ ജീവിക്കുന്നവര്‍ ആയാലും ഇന്ത്യന്‍ പൗരന്മാരുടെ ഭീതിയകറ്റാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്ന് കെ.എം.സി.സി ചൂണ്ടിക്കാണിച്ചു. മുന്‍കാലങ്ങളില്‍ ഇത്തരം സാന്നിഗ്ദ ഘട്ടങ്ങളില്‍ സന്ദര്‍ഭത്തിനൊത്തു ഉയര്‍ന്നു പ്രവര്‍ത്തിച്ച പാരമ്പര്യം ആയിരുന്നു നമ്മുടെ ഭരണാ ധികാരികളുടെത് എന്നാല്‍ ദൗര്‍ഭാഗ്യകരം എന്നു പറയട്ടെ, ഈ കോവിഡ് 19 മഹാമാരി കാലത്ത് വിദേശത്ത് കഴിയുന്ന ഇന്ത്യക്കാരുടെ കാര്യത്തില്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ് കേന്ദ്ര സര്‍ക്കാരിനെന്നും കെ.എം.സി.സി കുറ്റപ്പെടുത്തി
എല്ലാം സമൂഹ്യപ്രവര്‍ത്തകര്‍ ചെയ്യട്ടെ എന്നു കരുതി കാഴ്ചക്കാരായി ഇരിക്കുകയാണ് വിദേശമന്ത്രാലയവും എംബസികളും. സാമൂഹ്യ പ്രവര്‍ത്തകരും കെഎംസിസി അടക്കമുള്ള സന്നദ്ധ സംഘടനകളും ചെയ്യുന്ന സേവന പ്രവര്‍ത്തനങ്ങളെ ഗള്‍ഫ് രാജ്യങ്ങളിലെ അധികൃതര്‍ പോലും അംഗീകരിക്കുമ്പോള്‍ ഒരു നല്ല വാക്ക് പറഞ്ഞു പ്രോത്സാഹിപ്പിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയോ മറ്റു ബന്ധപ്പെട്ടവരോ ഇതുവരെ തയ്യാറായിട്ടില്ല. ഇതുകൊണ്ടെല്ലാം തന്നെ തങ്ങള്‍ രണ്ടാംതരം പൗരന്മാരാണോ എന്നു സംശയിച്ചു പോയാല്‍ പ്രവാസികളെ കുറ്റം പറയാനാവില്ല. ഭക്ഷണവും ജോലിയുമില്ലാതെ പ്രയാസം അനുഭവിക്കുന്ന ഗള്‍ഫ് നാടുകളിലെ നമ്മുടെ സഹോദരന്മാര്‍ക്ക് അവിടങ്ങളിലെ ഭരണാധികാരികള്‍ ഏറെ ഇളവുകള്‍ പ്രഖ്യാപിച്ചു ദയാവായ്പു പ്രകടിക്കുമ്പോള്‍ ഇന്ത്യ ഗവണ്മെന്റ് എന്തു ചെയ്തുവെന്ന ചോദ്യത്തിന് ഉത്തരം ലഭിക്കേണ്ടതുണ്ട്. സ്വന്തം നാട്ടില്‍ വിദഗ്ധ ചികില്‍ ലഭിക്കേണ്ടവര്‍ ഉള്‍പ്പെടെ നിരവധിപേര്‍ ഇപ്പോള്‍ ഇവിടങ്ങളില്‍ ആശങ്കയോടെ കഴിയുകയാണ്. കെ.എം.സി.സി പുറത്തിറക്കിയ വാര്‍ത്തക്കുറിപ്പില്‍ പറയുന്നു.
സാമൂഹ്യവ്യാപനം എന്ന ഭീതിയുടെ മൂന്നാം ഘട്ടത്തിലേക്ക് ഗള്‍ഫ് നാടുകള്‍ കടക്കുമ്പോള്‍ രോഗികള്‍ക്കൊപ്പം ഒന്നിച്ചു റൂമില്‍ കഴിയുന്നവരും ലേബര്‍ ക്യാമ്പുകളില്‍ തൊടാനുള്ള അകലം മാത്രമുള്ള ദൂരത്തില്‍ കഴിയുന്നവരും പേടിയുടെ അന്തരീക്ഷത്തില്‍ കഴിയുമ്പോള്‍ അടിയന്തിര പരിഹാരം ഗവണ്മെന്റ് കാണേണ്ടിയിരിക്കുന്നു. രോഗ പകര്‍ച്ചയ്ക്ക് സാധ്യത ഉള്ള സാഹചര്യങ്ങളില്‍ ജീവിക്കുന്നവരെ അവര്‍ ജന്മ നാട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ വിദേശ മന്ത്രാലയം ഇടപെടണമെന്ന് ബഹ്റൈന്‍ കെഎംസിസി ആവശ്യപ്പെട്ടു.
വിദേശ മന്ത്രാലയം, ഇന്ത്യന്‍ കോണ്‌സുലേറ്റുകള്‍ തുടങ്ങിയവര്‍ വശമുള്ള വിവിധ ഫണ്ടുകള്‍ ഈ ആവശ്യാര്‍ഥം ഉപയോഗിക്കാവുന്നതാണ്.
ലോക കേരള സഭയും പ്രവാസി കമ്മീഷനുമൊക്കെ നിലവില്‍ വരുന്നതിനു മുമ്പേ ഗള്‍ഫ് നാടുകളില്‍ സന്നദ്ധ സേവന പ്രവര്‍ത്തനം നടത്തുന്ന സംഘടനകളെയൊക്കെ മാറ്റി നിര്‍ത്തിയുള്ള മുഖ്യമന്ത്രി യുടെ വീഡിയോ കോണ്ഫറന്‍സ് വിമര്‍ശനം ക്ഷണിച്ചു വരുത്തിയതാണെന്നും ബഹ്റൈന്‍ കെഎംസിസി അഭിപ്രായപ്പെട്ടു.
സമൂഹത്തിന്റെ അടിതട്ടിലുള്ളവരെ പ്രതിനിധാനം ചെയ്യുകയും മുഴുസമയ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന ബഹ്റൈന്‍ കെഎംസിസി അടക്കമുള്ള സംഘടനകളെ മാറ്റി നിര്‍ത്തിയതും എല്ലാവരും ഒന്നിച്ചിരുന്ന് പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ട ഈ ദുരന്തകാലത് ശരിയായില്ലെന്നും ബഹ്റൈന്‍ പ്രസിഡന്റ് ഹബീബ് റഹ്മാന്‍ ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍ എന്നിവര്‍ കൂട്ടിച്ചേര്‍ത്തു.