സൗദിയില്‍ കഴിഞ്ഞ വര്‍ഷം 29 ഓളം സിനിമകള്‍ക്ക് ലൈസന്‍സ്

സൗദിയില്‍ കഴിഞ്ഞ വര്‍ഷം 29 ഓളം സിനിമകള്‍ക്ക് ലൈസന്‍സ് അനുവദിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ സിനിമാ തീയേറ്ററുകള്‍ നിലവില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ വര്‍ഷമാണ് സൗദിയില്‍ സിനിമാ തീയേറ്ററുകള്‍ക്ക് അനുമതി നല്‍കി തുടങ്ങിയത്. ഏപ്രില്‍ പതിനെട്ടിന് ഔദ്യോഗികമായി സിനിമാ പ്രദര്‍ശനം ആരംഭിച്ചു. 2018 അവസാനിക്കുമ്പോള്‍ സിനിമയുമായി ബന്ധപ്പെട്ട് 29 ലൈസന്‍സുകള്‍ അനുവദിച്ചതായി ജനറല്‍ കമ്മീഷന്‍ ഫോര്‍ ഓഡിയോ വിഷ്വല്‍ മീഡിയ അറിയിച്ചു.

സിനിമ നിര്‍മാണം, പ്രദര്‍ശനം, വിതരണം, ഇറക്കുമതി തുടങ്ങിയവാക്കാണ് ലൈസന്‍സ് അനുവദിച്ചത്. ഇതുള്‍പ്പെടെ കഴിഞ്ഞ വര്‍ഷം ഓഡിയോ വിഷ്വല്‍ രംഗത്ത് ആകെ 860 ലൈസന്‍സുകള്‍ കമ്മീഷന്‍ അനുവദിച്ചു. മീഡിയ പ്രോഡക്ഷന്‍, വിതരണം തുടങ്ങിയവക്കാണ് മറ്റു ലൈസന്‍സുകള്‍ അനുവദിച്ചത്. സിനിമാ തീയേറ്ററുകള്‍ക്ക് അനുമതി നല്‍കി തുടങ്ങിയതിനു ശേഷം 121 ഫീച്ചര്‍ ഫിലിമുകള്‍ സൗദിയില്‍ പ്രദര്‍ശിപ്പിച്ചു.

‘ബ്ലാക് പാന്‍താര്‍’ ആയിരുന്നു സൗദിയില്‍ ആദ്യം പ്രദര്‍ശിപ്പിച്ച സിനിമ. രജനീകാന്തിന്റെ കാല റിലീസ് ദിവസം തന്നെ പ്രദര്‍ശിപ്പിച്ചു. മലയാളം ഉള്‍പ്പെടെ പല ഇന്ത്യന്‍ സിനിമകളും ഇതിനകം പ്രദര്‍ശിപ്പിച്ചു. റിയാദിലാണ് സിനിമാ പ്രദര്‍ശനം ആരംഭിച്ചത്. ജിദ്ദയില്‍ ഉടന്‍ പ്രദര്‍ശനം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.