മനാമ: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ടിരിക്കുന്ന സ്വകാര്യ സ്‌കൂളുകള്‍ ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമൊരുക്കുമെന്ന് വിദ്യഭ്യാസ മന്ത്രാലയം. ഗൂഗിള്‍ ക്ലാസ് റൂം, സും, ഒലീവ് സിസ്റ്റം, പ്ലസ് പോര്‍ട്ടല്‍സ്, ക്ലാസേരേ (Google Class Room, Olive System, Modle, Plus Portals, Zoom and Classera .) തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയായിരിക്കും ക്ലാസുകള്‍ നടക്കുക.
കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ മുടങ്ങിപ്പോയ ക്ലാസുകള്‍ പുനരാരംഭിക്കുകയാണ് പുതിയ പദ്ധതി വഴി ലക്ഷ്യമിടുന്നത്. അധ്യാപകര്‍ ഇ-പ്ലാറ്റ്‌ഫോമുകള്‍ വഴി ക്ലാസുകളെടുക്കും. എക്‌സ്ട്രാ കരിക്കുലര്‍ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയാണ് ഇ-ക്ലാസുകള്‍ തയ്യാറാക്കിയിരിക്കുന്നത്. നേരത്തെ പബ്ലിക് സ്‌കൂളുകള്‍ സമാന പ്രവര്‍ത്തന രീതി അവലംബിച്ചിരുന്നു. പുതിയ നീക്കം വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ സഹായകരമാവും.
നിലവില്‍ സെക്കന്‍ഡറി സ്റ്റേജ് ഇന്റര്‍നാഷണല്‍ പരീക്ഷകള്‍ മാറ്റിവെക്കുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്. വിവിധ സ്വകാര്യ സ്ഥാപനങ്ങള്‍ പ്രതിസന്ധി തരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച വിവിധ പദ്ധതികള്‍ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.