മനാമ: ബഹ്‌റൈനിലെ പൊതുസ്ഥലങ്ങളില്‍ ഇറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്ന നിര്‍ദേശം പുറത്തുവന്നതിന് പിന്നാലെ നിരവധി സംശയങ്ങളുന്നയിച്ച് പൊതുജനങ്ങള്‍ രംഗത്ത് വന്നിരുന്നു. ഇവരുടെ സംശയങ്ങള്‍ ദുരീകരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ആരോഗ്യ മന്ത്രാലയം. ഇതുപ്രകാരം മാര്‍ക്കറ്റുകള്‍, കച്ചവട സ്ഥാപനങ്ങള്‍, പാര്‍ക്കുകള്‍ തുടങ്ങി ഏതൊരു പൊതുസ്ഥലത്തേക്ക് യാത്ര ചെയ്യുന്നവരും നിര്‍ബന്ധമായി മാസ്‌ക് ധരിച്ചിരിക്കണം. ഇല്ലാത്തവരില്‍ നിന്ന് പിഴ ഈടാക്കും.
എന്നാല്‍ വാഹനം ഓടിക്കുന്ന സമയത്ത് മാസ്‌ക് ധരിക്കേണ്ടതില്ല. പുറത്ത് വ്യായാമം ചെയ്യുമ്പോഴും മാസ്‌കിന്റെ ആവശ്യമില്ല. എന്നാല്‍ തൊഴിലിടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാണ്. ഉപയോഗിച്ച മാസ്‌കുകള്‍ ഉപേക്ഷിക്കുന്ന സമയത്ത് മുന്‍വശം സ്പര്‍ശിക്കാതെ ശ്രദ്ധിക്കണം. മാലിന്യ സംഭരണികളില്‍ മാത്രമെ ഉപയോഗിച്ച മാസ്‌കുകള്‍ ഉപേക്ഷിക്കാന്‍ പാടുള്ളു. അല്ലാത്ത പക്ഷം നടപടിയുണ്ടാകുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.