മനാമ: ബഹ്‌റൈനില്‍ ഇന്ന് (ഏപ്രില്‍ 12) 94 പ്രവാസി തൊഴിലാളികള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രാലയം ഞായറാഴ്ച്ച വൈകീട്ട് 8 മണിക്ക് പുറത്തവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ച പ്രവാസികളുടെ എണ്ണം 376 ആയി ഉയര്‍ന്നു. പ്രവാസികള്‍ ഉള്‍പ്പെടെ 96 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഉച്ചക്ക് 2 മണിക്ക് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 47 പേർക്കും വൈകിട്ട് 49 പേർക്കുമായാണ് രോഗ സ്ഥിരീകരണം. മൂന്ന് പേര്‍ സുഖം പ്രാപിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം രാജ്യത്ത് കോവിഡ് ബാധയേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 572 ആണ്. ചികിത്സയിലുള്ള 4 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇതുവരെ 557 പേരാണ് ബഹ്റൈനില്‍ രോഗമുക്തി നേടിയിരിക്കുന്നത്. 6 പേര്‍ മരണത്തിന് കീഴടങ്ങി.
63973 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുകയാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി. പൊതുഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം. സെല്‍ഫ് ഐസലേഷനില്‍ കഴിയുന്നവര്‍ക്ക് ഡ്രൈവ് ത്രൂ സെന്ററിലൂടെ പരിശോധനയ്ക്ക് വിധേയമാകാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.