മനാമ: വിദ്യാര്‍ത്ഥികളുടെ ഭാവി സുരക്ഷിതമാക്കുകയാണ് ബഹ്‌റൈന്റെ പ്രാഥമിക കര്‍ത്തവ്യമെന്നും ഇക്കാര്യം ഉറപ്പുവരുത്തുമെന്നും ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫ. വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ബഹ്‌റൈന്‍ ഭരണാധികാരി നിലപാട് വ്യക്തമാക്കിയത്. ദൈവനാമത്തില്‍ എല്ലാവര്‍ക്കും ഐശ്വര്യം ആശംസിച്ചുകൊണ്ട് ആരംഭിച്ച ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫയുടെ പ്രസംഗം രാജ്യം നടത്തുന്ന കൊറോണവൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാണെന്ന് വിലയിരുത്തി.
രാജ്യം ഏറ്റവും കൂടുതല്‍ മുന്‍ഗണന നല്‍കുന്നത് കുട്ടികളുടെ ആരോഗ്യ സുരക്ഷയ്ക്കാണ്, അതിനാവശ്യമായ എല്ലാ നടപടിക്രമങ്ങളും സ്വീകരിക്കും. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന സ്‌കൂള്‍ പഠനം വിജയകരമായി പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ഇത് താല്‍ക്കാലികമായ സാഹചര്യം മാത്രമാണ്. എന്റെ പ്രിയ്യപ്പെട്ട കുട്ടികളുടെ ശോഭനമായ ഭാവി സുരക്ഷിതമാക്കും. ബഹ്‌റൈന്‍ ഭരണാധികാരി വ്യക്തമാക്കി.
നിലവില്‍ രാജ്യത്ത് നടക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തൃപ്തിയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ആരോഗ്യ സംരക്ഷണ പരിപാടികള്‍ സുതാര്യവും സുരക്ഷിതവുമായി നടപ്പിലാക്കുന്ന ബഹ്‌റൈന്‍ കിരീടവകാശിയുടെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. കൂടാതെ കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തില്‍ രാപകല്‍ കര്‍ത്തവ്യ നിര്‍വ്വഹണം നടത്തുന്ന ആരോഗ്യ പ്രവര്‍ത്തകരെയും അദ്ദേഹം അഭിനന്ദിച്ചു.