മനാമ: ബഹ്റൈനില്‍ ഇന്ന് (ഏപ്രില്‍ 13) 212 പേര്‍ക്ക് കൂടി കോവിഡ്-19 വൈറസ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 206 പേര്‍ പ്രവാസി തൊഴിലാളികളാണ്. കഴിഞ്ഞ ദിവസം നടന്ന ലബോറട്ടറി പരിശോധനയിലാണ് ഇത്രയധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുമായി സമ്പർക്കം പുലർത്തിയവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ആരോഗ്യ മന്ത്രാലയം ഉച്ചയ്ക്ക് 1 മണിക്ക് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 751 ആയി ഉയര്‍ന്നു. ഇന്ന് 33 പേര്‍ സുഖം പ്രാപിച്ചിട്ടുണ്ട്. ചികിത്സയിലുള്ള 4 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇതുവരെ 591 പേരാണ് ബഹ്‌റൈനില്‍ രോഗമുക്തി നേടിയിരിക്കുന്നത്. 6 പേര്‍ മരണത്തിന് കീഴടങ്ങി.
65768 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുകയാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി. പൊതുഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം. സെല്‍ഫ് ഐസലേഷനില്‍ കഴിയുന്നവര്‍ക്ക് ഡ്രൈവ് ത്രൂ സെന്ററിലൂടെ പരിശോധനയ്ക്ക് വിധേയമാകാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.