മനാമ: ബഹ്റൈനിൽ കോവിഡ്- 19 ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണപ്പെട്ടു. അറുപത്കാരനായ ബഹ്റൈനി പൗരനാണ് മരിച്ചത്. ഇതോടെ ബഹ്റൈനിലെ കോവിഡ് മരണ സംഖ്യ ഏഴായി. രോഗബാധയേറ്റ് ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി 24 മണിക്കൂറും പ്രത്യേക പരിചരണം ലഭ്യമാക്കുന്ന ആരോഗ്യ വിഭാഗത്തിലായിരുന്നു ഇദ്ദേഹത്തിന് ചികിത്സ. മറ്റ് ആരോഗ്യ പ്രശ്നനങ്ങളുമുണ്ടായിരുന്നു. വിയോഗത്തിൽ കുടുംബത്തിൻ്റെ ദു:ഖത്തിൽ പങ്കു ചേർന്ന് അനുശോചനം അർപ്പിക്കുന്നതായി ആരോഗ്യ മന്ത്രാലയം ട്വീറ്റ് ചെയ്തു.
ഏപ്രിൽ 14ന് രാവിലെ 9 മണി വരെയുള്ള റിപ്പോർട്ട് പ്രകാരം നിലവിൽ 763 പേരാണ് രാജ്യത്ത് ചികിത്സയിൽ തുടരുന്നത്. മൂന്ന് പേരുടെ നില ഗുരുതരമാണ്. 591 പേർ ഇതുവരെ രാജ്യത്ത് ചികിത്സ പൂർത്തിയാക്കി ആശുപത്രി വിട്ടിട്ടുണ്ട്. 67327 പേരെയാണ് പരിശോധനകൾക്ക് വിധേയമാക്കിയത്.