മനാമ: അനിയോജ്യമായ താമസ സൗകര്യമില്ലാത്ത വിദേശ തൊഴിലാളികളെ സ്കൂളുകളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ സാധ്യത. ക്യാപിറ്റൽ ഗവർണറേറ്റ്, സതേൺ ഗവർണറേറ്റ്, നോർതേൺ ഗവർണറേറ്റ് എന്നിവിടങ്ങളിലാണ് ഇതുസംബന്ധിച്ച് യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്. നോർത്തേൺ ഗവർണറുടെ നേതൃത്വത്തിലുള്ള സംഘം വിദേശ തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ സന്ദർശനം നടത്തിയിട്ടുണ്ട്. തൊഴിലാളികൾ തിങ്ങി നിറഞ്ഞ് താമസിക്കുന്ന സ്ഥിതിയാണ് പലയിടങ്ങളിലുമെന്ന് നേരത്തെ അധികൃതർ ചൂണ്ടിക്കാണിച്ചിരുന്നു.
വൈറസിന്റെ വ്യാപനം തടയുന്നതിന് താമസ സ്ഥലങ്ങളിൽ തൊഴിലാളികൾക്ക് ആവശ്യമായ സൗകര്യമൊരുക്കുമെന്ന് ബഹ്റൈൻ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള മെഡിക്കൽ സംഘങ്ങൾ സൽമാബാദ്, ഹിദ്ദ്, അൽബ തുടങ്ങിയ സ്ഥലങ്ങളിലെ തൊഴിലാളികളുടെ താമസകേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ പലർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. സ്കൂളുകളിലേക്ക് തൊഴിലാളികളെ മാറ്റുന്ന കാര്യം സജീവമായി പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം പുറത്തുവന്നിട്ടില്ല. നിലവിൽ 613 വിദേശ തൊഴിലാളികൾക്കാണ് ബഹ്റൈനിൽ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. കൂടുതൽ പേരിലേക്ക് രോഗം പടരാതിരിക്കാനുള്ള നടപടിക്രമങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രലായം വ്യക്തമാക്കിയിട്ടുണ്ട്.
								
															
															
															
															
															








