മനാമ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ്-19 പരിശോധന സംഘടിപ്പിച്ച് ബഹ്‌റൈന്‍ ആരോഗ്യമന്ത്രാലയം. കോവിഡ് ബാധയേറ്റതായി നേരത്തെ സംശയമുള്ളവരെയല്ല പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുന്നത്. റാന്‍ഡം സാമ്പിളിംഗ് രീതിയിലൂടെയാണ് 850 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുന്നത്. ആരോഗ്യ മന്ത്രാലയത്തിനൊപ്പം ചേര്‍ന്ന പ്രാദേശിക ഭരണകൂടങ്ങള്‍ പരിശോധന തുടരും.
മൊബൈല്‍ ടെസ്റ്റിംഗ് യൂണിറ്റാണ് റാന്‍ഡം സാമ്പിളിംഗ് നടത്തുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ എല്ലാ ഭാഗങ്ങളിലും ഇത്തരം ടെസ്റ്റിംഗ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി ഇത്തരം നീക്കങ്ങള്‍ തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. പൊതു സ്ഥലങ്ങളില്‍ ഇറങ്ങുന്ന സമയത്ത് മാസ്‌കുകള്‍ നിര്‍ബന്ധമായി ധരിച്ചിരിക്കണം.
ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 1003 പേരാണ് ബഹ്‌റൈനില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 3പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇതുവരെ 663 പേര്‍ക്ക് രോഗം പൂര്‍ണമായും ഭേദമായിട്ടുണ്ട്.