മനാമ: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ കോവിഡ് 19 മൂലം ദുരിതത്തിലായവരെ സഹായിക്കാനും ആവശ്യ സാധനങ്ങൾ വിതരണം ചെയ്യുന്നതിനും വേണ്ടി രൂപീകരിച്ച ‘യൂത്ത് കെയർ ‘ ജിസിസിയിൽ വ്യാപിപ്പിക്കുവാനുള്ള പദ്ധതിയിൽ ബഹ്റൈൻ ഒഐസിസി യൂത്ത് വിങ്ങും പങ്കാളിയാവുന്നു. ബഹ്‌റൈൻ ഒഐസിസി യൂത്ത് വിങ് യൂത്ത് കെയർ പദ്ധതിയുമായി സഹകരിച്ചു കൊണ്ട് നിലവിലെ സാഹചര്യം മൂലം മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് സൗജന്യ കൗൺസിലിങ്ങും മെഡിക്കൽ സേവനങ്ങളും മരുന്നുകളും ഭക്ഷണത്തിന് ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് ഭക്ഷണ കിറ്റുകൾ എത്തിച്ചു നൽകൽ തുടങ്ങിയ പ്രവർത്തനങ്ങളും ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു. ബഹ്‌റൈനിൽ ബുദ്ധിമുട്ടനുവിക്കുന്ന ഏവർക്കും ഇനി മുതൽ ഒഐസിസി യൂത്ത് വിങ്ങിന്റെ യൂത്ത് കെയർ സേവനം ലഭ്യമാവുമെന്നും ഒഐസിസി യൂത്ത് വിങ് നേതാക്കളായ ഇബ്രാഹിം അദ്ഹം, നിസാർ കുന്നംകുളത്തിങ്ങൽ, സൽമാനുൽ ഫാരിസ്, മുഹമ്മദ് ഷമീം എന്നിവർ അറിയിച്ചു. സഹായങ്ങൾക്കായി 35521007, 39559832, 39143967, 3408 1717 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.