ലോകമെമ്പാടും കോവിഡ് വൈറസ് ബാധ വ്യാപകമായി തുടരുന്ന സാഹചര്യത്തിൽ പ്രവാസികളായ ഇന്ത്യക്കാർക്ക് തിരികെ നാട്ടിലേക്ക് എത്തുവാനുള്ള സംവിധാനങ്ങളൊരുക്കാത്തതിന് വിശദീകരണവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. വൈറസ് ബാധ ഇനിയും നിയന്ത്രണ വിധേയമാക്കാത്തതിനാൽ ക്വാറന്റീൻ കേന്ദ്രങ്ങളുടെ കാര്യത്തിൽ ഉറപ്പ് വരുത്താതെ പ്രവാസികളെ കൊണ്ടുവരുന്നത് അവസ്ഥ കൂടുതൽ ഗുരുതരമാകുമെന്നാണ് മന്ത്രി പറയുന്നത്. ജനങ്ങളുടെ ജീവനും, സുരക്ഷയും ബലി കൊടുത്തുള്ള ഒരു പരീക്ഷണത്തിനും കേന്ദ്രം തയാറല്ലെന്നും ആവശ്യമായ ഇടപെടലുകൾ നടത്തുന്നുണ്ടന്നും മന്ത്രി അറിയിച്ചു. ടിക്കറ്റിന്റെ പണം തിരിച്ചു കൊടുക്കുന്നതും, എമർജൻസി സർട്ടിഫിക്കറ്റുകൾ അനുവദിക്കുന്നതും കേന്ദ്രസർക്കാരിന്റെ ഇടപെടലുകൾ കൊണ്ടാണെന്നും മന്ത്രി വ്യക്തമാക്കി.