മനാമ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ ആരംഭിച്ച ധനശേഖരണ ക്യാംപെയ്ൻ ‘ഫീന ഖൈർ’(നമ്മളില്‍ നന്മയുണ്ട്) മികച്ച പ്രതികരണം. വൻകിട കമ്പനികളും വ്യക്തികളും ഉൾപ്പെടെ ക്യാംപെയ്നിലേക്ക് വലിയ സംഭവനകളാണ് നൽകിവരുന്നത്. ഏറ്റവും ഒടുവിൽ ബഹ്റൈൻ മുംതലാഖാത്ത് ഹോൾഡിംഗ് കമ്പനി 9,910,000 ബഹ്റൈൻ ദിനാറാണ് സംഭവാനയായി നൽകിയത്. രാജ്യം അഭിമുഖീകരിക്കുന്ന വലിയ പ്രതിസന്ധിയെന്ന നിലയിൽ എല്ലാവരും ക്യാംപെയ്ന്റെ ഭാഗമായികൊണ്ടിരിക്കുകയാണ്.
ഹമദ് രാജാവിന്റെ ചാരിറ്റി, യുവജന കാര്യങ്ങള്‍ക്കായുള്ള പ്രത്യേക പ്രതിനിധിയും ദേശീയ പ്രതിരോധ സമിതി ഉപദേഷ്ടാവുമായ ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയാണ് 10 ലക്ഷം ദിനാർ സംഭാവന നല്‍കിയാണ് ക്യംപെയ്ൻ ആരംഭിക്കുന്നത്. നാഷണൽ ബാങ്ക് ഓഫ് ബഹ്റൈൻ 38 ലക്ഷം ദിനാറും ബാങ്ക് ഓഫ് ബഹ്റൈൻ ആൻഡ് കുവൈത്ത് 30 ലക്ഷം ദിനാറും സംഭാവന ചെയ്തിട്ടുണ്ട്. കൂടാതെ ബറ്റെൽകോ 35 ലക്ഷം ദിനാർ, അലുമിനിയം ബഹ്റൈൻ (അൽബ) 35 ലക്ഷം ദിനാർ, ഗൾഫ് ഇന്റർനാഷണൽ ബാങ്ക് 20 ലക്ഷം ദിനാർ, ബഹ്റൈൻ പൗരൻമാർ 11 ലക്ഷം ദിനാർ, ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ലക്ഷം ദിനാർ എന്നിങ്ങനെ നിധിയിലേക്ക് സംഭാവന നൽകിയ മറ്റുള്ളവർ.
രാജ്യത്ത് കോവിഡ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ കാരണം ബുദ്ധിമുട്ടുന്നവർക്ക് സാമ്പത്തിക സഹായം എത്തിക്കുകയാണ് ധനശേഖരണം ലക്ഷ്യമിടുന്നത്. ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ ഉണ്ടാക്കിയ വലിയ പ്രത്യാഘാതങ്ങൾ നേരിടുന്നതിനായി പല പദ്ധതികളും ബഹ്റൈൻ പ്രഖ്യാപിച്ചിട്ടുണ്ട്.
www.rco.gov.bh എന്ന വെബ്സൈറ്റ് വഴിയും നാഷണൽ ബാങ്ക് ഓഫ് ബഹ്റൈൻ അക്കൗണ്ടിലേക്ക് ബാങ്ക് ട്രാൻസ്ഫർ വഴിയും സംഭാവന നൽകാം. ബാങ്ക് അക്കൗണ്ട്: MOFNE THE NATIONAL EFFORT TO COMBAT THE CORONAVIRUS COVID 19, IBAN: BH66 NBOB 0000 0082 1093 70. ഇതിനുപുറമേ, 39900444 എന്ന നമ്പറിൽ ബെനഫിറ്റ് പേ ആപ്പ് വഴിയും സംഭാവന നൽകാം.